TOPICS COVERED

സ്വര്‍ണ പണയ വായ്പയ്ക്ക് കടുത്ത നിയമങ്ങള്‍ കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിക്കുന്നതായി റിപ്പോര്‍ട്ട്. വായ്പ നല്‍കുന്ന ബാങ്കുകള്‍ അണ്ടര്‍റൈറ്റിങ് നടപടിക്രമങ്ങള്‍ കര്‍ശനമാക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപേക്ഷകൻ ക്രെഡിറ്റ് യോഗ്യനാണോ എന്ന് ബാങ്ക് തീരുമാനിക്കുന്ന പ്രക്രിയയാണ് അണ്ടര്‍റൈറ്റിങ്. കര്‍ശന നടപടികളിലേക്ക് പോകുന്നതോടെ വായ്പ ലഭിക്കുക എന്നത് ബുദ്ധിമുട്ടാകും. ഇതിനൊപ്പം വായ്പ ലഭിച്ച പണം എങ്ങനെ ഉപയോഗിക്കുന്നൂ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്നു.  

സ്വര്‍ണ പണയ വായ്പയിലുണ്ടാകുന്ന വളര്‍ച്ച നിയന്ത്രിക്കാനാണ് റിസര്‍വ് ബാങ്ക് നടപടികളെന്ന് വിഷയത്തെ പറ്റി അറിയാവുന്നവര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.  ബാങ്കുകളും സ്വര്‍ണ പണയം നല്‍കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വായ്പയ്ക്ക് അപേക്ഷ നല്‍കിയാളുടെ പശ്ചാത്തലം പഠിക്കണമെന്നാണ് ആര്‍ബിഐ ആവശ്യപ്പെടുന്നത്. ഇതിനൊപ്പം പണയം വെയ്ക്കാന്‍ കൊണ്ടുവരുന്ന സ്വര്‍ണത്തിന്‍റെ ഉടമസ്ഥാവകാശവും വെരിഫൈ ചെയ്യണം.  

‌സ്വര്‍ണ പണയ വായ്പയില്‍ പിന്തുടരുന്ന തെറ്റായ രീതികൾ തടയുകയും മേഖലയിൽ സാമ്പത്തിക സ്ഥിരത നിലനിർത്തുകയും വേണം. ഇതിനായി എല്ലാ ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണ പണയ വായ്പ നല്‍കാന്‍ ഏകീകൃത മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ആര്‍ബിഐയുടെ ആവശ്യം.

2024 സെപ്റ്റംബര്‍ മുതല്‍ ബാങ്കുകളിലെ സ്വര്‍ണ പണയ വായ്പ 50 ശതമാനമാണ് വര്‍ധിച്ചത്. മൊത്തം വായ്പകളുടെ വളർച്ചയെ സ്വര്‍ണ വായ്പകള്‍ മറികടന്നിട്ടുണ്ട്. ഈടില്ലാത്ത വായ്പകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും ഇതിന് കാരണമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോഗ രാജ്യമാണ് ഇന്ത്യ. ഇതിനൊപ്പം സ്വര്‍ണ വില സര്‍വകാല ഉയരത്തിലെത്തിയതും സ്വര്‍ണപണയ വായ്പയെ ആകര്‍ഷകമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ 12 മുതൽ 16 മാസങ്ങൾക്കുള്ളിൽ നടത്തിയ ഓഡിറ്റുകളിൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ പോർട്ട്‌ഫോളിയോകളിൽ ആര്‍ബിഐ ക്രമക്കേടുകള്‍ കണ്ടെത്തി. വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയവരെ അറിയിക്കാതെ ബാങ്കുകള്‍ സ്വർണം ലേലം ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഒരു സ്ഥാപനവും മറികടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വായ്പക്കാരെയും ഒരേപോലെ പരിഗണിക്കണമെന്നുമാണ് ആര്‍ബിഐയുടെ ആവശ്യം. 

ENGLISH SUMMARY:

The Reserve Bank of India (RBI) is set to tighten rules on gold loans, requiring banks to strengthen underwriting processes and closely monitor fund utilization.