അടിയന്തരഘട്ടത്തില്‍ പണമാക്കിമാറ്റാമെന്നതാണ് സ്വര്‍ണത്തിന്‍റെ മേന്മ. സ്വര്‍ണം പണയം വെയ്ക്കാനെത്തുന്നവര്‍ അത്തരത്തില്‍ പണത്തിന് ആവശ്യമുള്ളവരുമാകും. വേഗത്തില്‍ സ്വര്‍ണ പണയം ലഭിക്കുന്ന എഐ അടിസ്ഥാനമാക്കിയുള്ള സ്വര്‍ണ പണയ എടിഎം അവതരിപ്പിച്ചിരിക്കുകയാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ.
തെലങ്കാനയിലെ വാറങ്കലിലാണ് രാജ്യത്തെ ആദ്യ ഗോള്‍ഡ് ലോണ്‍ എടിഎം അവതരിപ്പിച്ചത്. ബാങ്ക് എംഡിയും സിഇഒയുമായി എംവി റാവു കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാറങ്കല്‍ ശാഖയില്‍ എടിഎം ഉദ്ഘാടനം ചെയ്തു. എടിഎം മെഷിനിലെ എഐ സാങ്കേതിക വിദ്യ സ്വര്‍ണത്തിന്‍റെ ഗുണനിലവാരവും ഭാരവും നിര്‍ണയിക്കും. നിലവിലെ വിപണി വില അനുസരിച്ച് പണം നല്‍കും, ഇതാണ് എടിഎമ്മിന്‍റെ പ്രവര്‍ത്തന രീതി.
ആധാര്‍, മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ ഉപയോഗിച്ച് 10-12 മിനുറ്റ് കൊണ്ട് സ്വര്‍ണ പണയം പൂര്‍ത്തിയാക്കുന്നതാണ് എടിഎമ്മിന്‍റെ രീതി. എടിഎമ്മിലെ ബോക്സില്‍ സ്വര്‍ണം നിക്ഷേപിക്കാനുള്ള സൗകര്യമുണ്ടാകും. സ്വര്‍ണത്തിന്‍റെ മൂല്യം അനുസരിച്ച് പണയത്തിന്‍റെ 10 ശതമാനം തുക എടിഎം വഴി പിന്‍വലിക്കാം. ബാക്കി തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റാകും.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമെ ഈസേവനം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, ആധാർ നമ്പർ എന്നിവയുമായി എടിഎമ്മിലെത്തിയാല്‍ പണം വേഗത്തില്‍ പിന്‍വലിക്കാം.