income-tax

TOPICS COVERED

ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയമാണ്. 2023-24 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി ജൂലായ് 31 ന് അവസാനിക്കും. നികുതി നൽകേണ്ട വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് മുകളിലാണെങ്കിൽ നിർബന്ധമായും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. അതേസമയം, വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെയാണെങ്കിലും ചില സാഹചര്യങ്ങളിൽ വ്യക്തികൾ റിട്ടേൺ സമർപ്പിക്കണമെന്നാണ്  ആദായ നികുതി നിയമത്തിലെ സെക്ഷൻ 139(1) പറയുന്നത്. ജൂലായ് 31 ന് റിട്ടേൺ സമർപ്പിക്കാത്തവരാണെങ്കിൽ പിഴ നൽകേണ്ടതായും വരും. 

വിദേശ ആസ്തികൾ കൈവശം വെച്ചവരോ വിദേശത്ത് നിന്ന് വരുമാനമുള്ള റസിഡൻറുകളോ നിർബന്ധമായും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. വിദേശ കമ്പനികളുടെ ഓഹരികൾ, ബോണ്ട്, വിദേശത്ത് വീടുള്ളവർ എന്നിവർക്ക് ലാഭവിഹിതം, പലിശ, വാടക വരുമാനം എന്നിങ്ങനെ വരുമാനം ലഭിക്കും. ഇത്തരക്കാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കണമെന്നാണ് ആദായ നികുതി നിയമം വ്യക്തമാക്കുന്നത്. 

വിദേശയാത്രയ്ക്ക് 2 ലക്ഷത്തിന് മുകളിൽ തുക ചെലവാക്കുന്നവരും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. വ്യക്തിപരമായ യാത്രയ്ക്കോ മറ്റൊരാളുടെ യാത്രയ്ക്കോ ചെലവാക്കിയ തുക എന്ന വ്യത്യാസമില്ലാതെയാണിത്. ഉദാഹരണമായി ഒരു വ്യക്തി സാമ്പത്തിക വർഷത്തിൽ വ്യക്തിപരമായ വിദേശ യാത്രയ്ക്കായി 1.50 ലക്ഷം രൂപയും രക്ഷിതാക്കളുടെ വിദേശയാത്രയ്ക്കായി 1 ലക്ഷം രൂപയും ചെലവാക്കി. ഇവിടെ ആകെ 2.50 ലക്ഷം രൂപ വിദേശ യാത്രയ്ക്ക് ചെലവാക്കിയതിനാൽ ആദായ നികുതി റിട്ടേൺ നിർബന്ധമായും ഫയൽ ചെയ്യണം. 

സാമ്പത്തിക വർഷത്തിൽ 1 ലക്ഷം രൂപ വൈദ്യുതി ബിൽ ഇനത്തിൽ ചെലവാക്കുന്നവർക്കും ആദായ നികുതി റിട്ടേൺ നിർബന്ധമാണ്. മൂലധന നേട്ടത്തിൽ നിന്നുള്ള നികുതി ഇളവ് ക്ലെയിം ചെയ്യുന്നതിന് മുൻപ് ആകെ വരുമാനം ഇളവ് പരിധിക്ക് മുകളിലാണെങ്കിലും നികുതി റിട്ടേൺ സമർപ്പിക്കണം. സാമ്പത്തിക വർഷത്തിൽ വ്യക്തിയുടെ ടിഡിഎസ്, ടിസിഎസ് എന്നിവ 25,000 രൂപയിൽ കൂടുതലാണെങ്കിലും റിട്ടേൺ സമർപ്പിക്കണം. 

സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളുടെ കറൻറ് അക്കൗണ്ട് ഇടപാടുകളും ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ബാധ്യതയുള്ളതാണ്. സാമ്പത്തിക വർഷത്തിലെ കറൻറ് അക്കൗണ്ട് നിക്ഷേപം ഒരു കോടിക്ക് മുകളിൽ പോകുന്ന വ്യക്തികൾക്കും നികുതി റിട്ടേൺ ബാധകമാണ്. പലിശ വരുമാനം, ലാഭവിഹിതം എന്നിവയിൽ നിന്നും ഈടാക്കിയ ടിഡിഎസ് റീഫണ്ട് ലഭിക്കാനും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. 

ENGLISH SUMMARY:

Who Need To File Income Tax Return If Taxable Income Is Below The Basic Exemption Limit