AI Generated Image

AI Generated Image

TOPICS COVERED

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി അടുക്കുകയാണ്. 2023-24 സാമ്പത്തിക വർഷത്തിലെ നികുതി റിട്ടേൺ ജൂലൈ 31നുള്ളിൽ സമർപ്പിക്കണം. നികുതി ബാധ്യതയില്ലെങ്കിലും വരുമാനം അടിസ്ഥാന ഇളവ് പരിധി കഴിയുന്നവർ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. ജൂലൈ 31 ന്റെ സമയപരിധി നഷ്ടപ്പെടുന്നവർക്ക് മുന്നിലുള്ളത് പിഴയാണ്. ആരൊക്കെ എത്ര കണ്ട് പിഴ അടയ്ക്കണമെന്ന് ആദായ നികുതി നിയമത്തിലുണ്ട്.

2024-25 അസസ്മെൻറ് വർഷത്തിലെ (2023-24 സാമ്പത്തിക വർഷം) നികുതി റിട്ടേൺ ജൂലൈ 31 നുള്ളിൽ സമർപ്പിക്കണം. ഈ തീയതി നഷ്ടപ്പെടുന്നവർക്ക് ഡിസംബർ 31 വരെ ബിലേറ്റഡ് റിട്ടേൺ സമർപ്പിക്കാം. ഇങ്ങനെ വൈകി റിട്ടേൺ സമർപ്പിക്കുന്നവർ പിഴ അടയ്ക്കേണ്ടി വരും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 234എഫ് പ്രകാരമാണ് വൈകി റിട്ടേൺ സമർപ്പിക്കുന്നവർക്ക് പിഴ ഈടാക്കുന്നത്. 5,000 രൂപയാണ് പിഴ. അതേസമയം നികുതിബാധകമായ വരുമാനം 5 ലക്ഷം കവിയാത്ത ചെറുകിട നികുതിദായകർക്ക് പിഴ തുക 1000 രൂപയിൽ കൂടില്ല. 

ആദായ നികുതി വകുപ്പിൻറെ പുതിയ നിയന്ത്രണങ്ങൾ പ്രകാരം, സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാൻ സാധിക്കാത്തവരെ പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറ്റും. ഇവർക്ക് പഴയ നികുതി വ്യവസ്ഥയിലേക്ക് മാറാൻ സാധിക്കില്ല. ഡിസംബർ 31 നുള്ളിൽ റിട്ടേൺ സമർപ്പിക്കുമ്പോൾ പുതിയ നികുതി വ്യവസ്ഥയിലാകും റിട്ടേൺ സമർപ്പിക്കേണ്ടത്. പുതിയ നികുതി വ്യവസ്ഥയിൽ റിട്ടേൺ സമർപ്പിക്കുമ്പോൾ 80സി പോലുള്ള നികുതി ഇളവുകൾ നിക്ഷേപകന് ലഭിക്കില്ല. അതേസമയം, പുതിയ നികുതി സമ്പ്രദായത്തിൽ നികുതി നിരക്കുകൾ കുറവാണ്.