വിദേശത്തേക്ക് പോകുന്നതിന് ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ബജറ്റ് നിർദ്ദേശത്തിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ. ഭേദഗതി എല്ലാ വ്യക്തികൾക്കും ബാധകമല്ലെന്നും സാമ്പത്തിക ക്രമക്കേടുകളോ വലിയ തുക ആദായ നികുതി കുടിശികയുള്ളവർക്കോ ആണ് നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നതെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു. ബജറ്റിനൊപ്പം അവതരിപ്പിച്ച 2024 ലെ ഫിനാൻസ് ബില്ലിൽ വന്ന ചില നിർദ്ദേശങ്ങളാണ് ആശയകുഴപ്പമുണ്ടാക്കിയത്.
നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഏതൊരു വ്യക്തിയും തൻറെ ബാധ്യതകൾ തീർക്കണം എന്ന വ്യവസ്ഥ, 2015 ലെ കള്ളപ്പണ നിയമത്തിൽ ചേർക്കാനായിരുന്നു ഫിനാൻസ് ബില്ലിലെ നിർദ്ദേശം. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആശയകുഴപ്പമുണ്ടായതോടെ ധനമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. നിലവിലെ ദേദഗതി എല്ലാ യാത്രക്കാർക്കും നികുതി ക്ലിയറൻസ് നിർബന്ധമാക്കുന്നില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
ആദായ നികുതി നിയമത്തിൻറെ സെക്ഷൻ 230 പ്രകാരം എല്ലവർക്കും നികുതി ക്ലിയറൻസിൻറെ ആവശ്യമില്ല. നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ട സാഹചര്യം നിലനിൽക്കുന്ന ചില വ്യക്തികളുടെ കാര്യത്തിൽ മാത്രമേ അത്തരം ഒരു സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുള്ളൂ. 2004 ലെ ആദായ നികുതി വകുപ്പിൻറെ നോട്ടിഫിക്കേഷൻ ഇത്തരക്കാർ ആരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നേരിടുന്നവർക്കോ വലിയ തുക നികുതി കുടിശ്ശികയുള്ളവർക്കോ ആണ് നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ടത്. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെട്ടവരും അന്വേഷണത്തിന് ഹാജരാകേണ്ടവരും അല്ലെങ്കിൽ 10 ലക്ഷം രൂപയിൽ കൂടുതൽ നികുതി കുടിശ്ശികയുള്ളവരും വിദേശയാത്രയ്ക്ക് നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.