tax-for-salaried

കേന്ദ്ര ബജറ്റില്‍ നികുതിദായകര്‍ക്ക് ആശ്വാസകരമാകുന്ന വലിയ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയത്. പുതിയ നികുതി വ്യവസ്ഥയില്‍ നികുതി സ്ലാബ് പുനക്രമീകരിച്ച് 12 ലക്ഷം രൂപ വരെ ആദായ നികുതി ഒഴിവാക്കിയതോടെ വലിയൊരളവ് നികുതിദായകര്‍ക്ക് ആശ്വാസമാകും. ഇതിനൊപ്പം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ കൂടി ചേരുന്നതോടെ  12.75 ലക്ഷം രൂപ വരെ ശമ്പളക്കാരായ നികുതിദായകര്‍ക്ക് നേട്ടം ലഭിക്കും. 

ശമ്പളക്കാരായ നികുതിദായകര്‍ക്ക് മറ്റുരേഖകളില്ലാതെ ലഭിക്കുന്ന നികുതി ഇളവാണ് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍. പുതിയ നികുതി വ്യവസ്ഥയില്‍ 75,000 രൂപയാണ് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ അനുവദിക്കുക. പുതിയ പ്രഖ്യാപനത്തോടെ ഈ വരുമാനക്കാര്‍ക്കും നികുതിബാധ്യത ഒഴിവാക്കാനാകും. 

നേരത്തെ 7 ലക്ഷം രൂപ വരെയായിരുന്നു ആദായ നികുതി ഒഴിവാക്കിയിരുന്നത്. മൂലധന നേട്ടം (Capital Gain) പോലുള്ള പ്രത്യേക ഗ്രേഡ് വരുമാനം ഒഴികെ സാധാരണ വരുമാനം 12 ലക്ഷം വരെയുള്ള നികുതിദായകർക്ക് പുതിയ നികുത വ്യവസ്ഥയില്‍ നികുതി ബാധ്യതയില്ലെന്നാണ് ബജറ്റ് പ്രസംഗത്തില്‍ നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയത്. 

income-tax-rebate

Image Credit: ബജറ്റ് പ്രസംഗം

ആദായ നികുതി റിബേറ്റ് ലഭിക്കുന്നതിനുള്ള പരിധി 7 ലക്ഷത്തില്‍ നിന്നും 12 ലക്ഷമാക്കി ഉയര്‍ത്തി. ഇതിനൊപ്പം സെക്ഷന്‍ 87എ പ്രകാരമുള്ള റിബേറ്റ് 25,000 രൂപയില്‍ നിന്നും 60,000 രൂപയായും ഉയര്‍ത്തി. ഇതുവഴിയാണ് 12 ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി ഒഴിവാകുന്നത്. എന്നാല്‍ ഈ റിബേറ്റ് ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് പോലുള്ള വരുമാനത്തിന് ലഭിക്കില്ല.  

പുതിയ നികുതി സ്ലാബ് 

നാല് ലക്ഷം രൂപ വരെ ആദായ നികുതി ആവശ്യമില്ല. 4–8 ലക്ഷം – 5%, 8–12 ലക്ഷം – 10%, 12–16 ലക്ഷം – 15%, 16–20 ലക്ഷം – 20%, 20-25 ലക്ഷം – 25% എന്നിങ്ങനെയാണ് പുതുക്കിയ നികുതി സ്ലാബുകള്‍. 

12.75 ലക്ഷത്തിന് നികുതിയില്ല

* 12.75 ലക്ഷം രൂപ ശമ്പളവരുമാനമുള്ള വ്യക്തി 75,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഇളവ് നേടിയാല്‍ നികുതി ബാധകമായ വരുമാനം 12 ലക്ഷം രൂപയായി കുറയും. 

* ഈ 12 ലക്ഷം രൂപയില്‍ ആദ്യത്തെ നാല് ലക്ഷത്തിന് നികുതിയില്ല. ശേഷം വരുന്ന നാല് ലക്ഷത്തിന് അഞ്ച് ശതമാനമാണ് നികുതി. 20,000 രൂപ ആദായ നികുതി. 

* ബാക്കി നാല് ലക്ഷത്തിന് 10 ശതമാനമാണ് നികുതി. 40,000 രൂപയാണ് ഈ സ്ലാബില്‍ വരുന്ന ആദായ നികുതി. ആകെ 60,000 രൂപ.

* 87എ പ്രകാരമുള്ള 60,000 രൂപയുടെ റിബേറ്റ് കൂടി ഉപയോഗപ്പെടുത്തിയാല്‍ ആദായ നികുതിയില്‍ നിന്നും ഒഴിവാകാം. 

ENGLISH SUMMARY:

Union Budget 2025 introduces major tax relief for salaried individuals, raising the tax exemption limit to 12.75 lakh and offering additional benefits with the standard deduction. Read about the new tax slabs and exemptions.