ആരോഗ്യ ഇൻഷുറൻസ് ക്ലെയിം വേഗത്തിലാക്കാന്‍ നാഷണൽ ഹെൽത്ത് ക്ലെയിം എക്സ്ചേഞ്ച് പോര്‍ട്ടല്‍ ആരംഭിക്കാന്‍ ഒരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ, ആശുപത്രികൾ, ഇൻഷുറൻസ് പോളിസി ഉടമകൾ എന്നിവയ്ക്കിടയിൽ ഒരു ഏകീകൃത പ്ലാറ്റ്ഫോമായിട്ടായിരിക്കും പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക. ഇതുവഴി ആരോഗ്യ ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്‍റുകള്‍ എളുപ്പവും സുഗമവുമാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ 50 ഓളം ഇൻഷുറൻസ് കമ്പനികളെയും 250 ആശുപത്രികളെയും പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ക്രമേണ കൂടുതൽ ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും പോര്‍ട്ടലിന്‍റെ ഭാഗമാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍റെ കീഴില്‍ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്‍റെ (എബിഡിഎം) ഭാഗമായാണ് പോർട്ടൽ രൂപീകരിക്കുന്നത്. ഇന്ത്യയിലുടനീളം പോർട്ടൽ ലഭ്യമാക്കും.
നാഷണൽ ഹെൽത്ത് അതോറിറ്റിയാണ് (എൻഎച്ച്എ) പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തത്. ഇൻഷുറൻസ് പോളിസി ഉടമകളും സേവന ദാതാക്കളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനും ഇൻഷുറൻസ് ക്ലെയിം പ്രോസസ്സിംഗ് വേഗത്തിലാക്കാനും കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ തന്നെ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ടാറ്റ എഐജി ജനറൽ ഇൻഷുറൻസ്, പാരാമൗണ്ട് ടിപിഎ, ബജാജ് അലയൻസ് ഇൻഷുറൻസ് തുടങ്ങിയ നിരവധി കമ്പനികൾ ഇതിനകം തന്നെ പോർട്ടലിന്‍റെ ഭാഗമായി കഴിഞ്ഞു. നിലവില്‍ ആശുപത്രികൾക്കും ഇൻഷുറൻസ് കമ്പനികള്‍ക്കും ഇതിനായി വ്യത്യസ്ത പോര്‍ട്ടലുകള്‍ ഉണ്ട്. എന്നാല്‍ ഇവ ഓരോന്നും തികച്ചും വ്യത്യസ്തവും കൂടുതല്‍ സമയം അപഹരിക്കുന്നവയുമാണ് ഇതിന് ബദലായിട്ടാണ് ഏകീകൃത പോര്‍ട്ടല്‍ അവതരിപ്പിക്കുന്നത്.