പ്രതീകാത്മക ചിത്രം

TOPICS COVERED

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അടുക്കുന്തോറും ശക്തമായ ചാഞ്ചാട്ടം ഇന്ത്യൻ ഓഹരി വിപണിയിൽ പ്രകടമാണ്. തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ നഷ്ടത്തിലേക്ക് വീണ വിപണി വെള്ളിയാഴ്ച നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മേയ് 31 ന് അവസാനിച്ച ആഴ്ചയിൽ സൂചികകൾ ഏകദേശം 2 ശതമാനം ഇടിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ആശയകുഴപ്പത്തിനൊപ്പം ജിഡിപി ഡാറ്റ, മേയ് മാസത്തിലെ ഫ്യൂചർ ആൻഡ് ഓപ്ഷൻ കരാറുകളുടെ എക്സ്പയറി, വിദേശ നിക്ഷേപകരുടെ വിൽപ്പന എന്നിവ വിപണിയെ ഇടിവിലേക്ക് നയിച്ചു. വെള്ളിയാഴ്ച സെൻസെക്സ് 76 പോയിൻറ് നേട്ടത്തിൽ 73,961 ലും നിഫ്റ്റി 42 പോയിൻറ് നേട്ടത്തിൽ 22,531 ലുമാണ് ക്ലോസ് ചെയ്തത്. 

ശനിയാഴ്ചയിലെ അവസാന ഘട്ട പോളിങിന് ശേഷം എക്സിറ്റ് പോളിനായാണ് വിപണി കാത്തിരിക്കുന്നത്. എക്സ്റ്റ് പോളിൻറെ പ്രതിഫലനം തിങ്കളാഴ്ച വിപണിയിലുണ്ടാകും. വിപണി ബിജെപിക്ക് വിജയസാധ്യത നൽകുന്നുണ്ടെങ്കിലും, മുൻ തിരഞ്ഞെടുപ്പിലെ പ്രകടനം മറികടക്കാനായാലാണ് റാലി പ്രതീക്ഷിക്കുന്നത്. അതേസമയം, ഏത് മുന്നണി അധികാരത്തൽ വന്നാലും ദീർഘകാലത്തേക്ക് വിപണി പോസ്റ്റീവായി തുടരും എന്നതാണ് കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ. 

മൂന്ന് സാധ്യതകൾ

ബിജെപി 2019 തിനേക്കാൾ ശക്തമായ സീറ്റോടെ ഭൂരിപക്ഷം നേടിയാൽ ഓഹരി വിപണിക്ക് മുന്നേറ്റമാണ് വിദ​ഗ്ധർ വിലയിരുത്തുന്നത്. അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ചെലവ് വർധിപ്പിക്കൽ, ഉദ്പാദന മേഖലയ്ക്ക് നൽകുന്ന ഉത്തേജനം തുടങ്ങിയ വളർച്ചയെ സഹായിക്കുന്ന സാമ്പത്തിക നയങ്ങൾ ഈ റാലിക്ക് കാരണമാകും. അതേസമയം ബിജെപി 2019തിനേക്കാൾ താഴേക്ക് പോവുകയും കേവലഭൂരിപക്ഷം (272) നേടുകയും ചെയ്താൽ വിപണി ഇടക്കാലത്തേക്ക് ഇടിയാം. വേ​ഗത്തിൽ ഇത് തിരികെ പിടിക്കുമെന്നാണ് വിപണി വി​ദ​ഗ്ധരുടെ വിലയിരുത്തൽ. 

മറ്റൊരു സാധ്യത ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമാണ്. കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ സഖ്യസർക്കാർ കേന്ദ്രത്തിൽ അധികാരമേൽക്കുകയാണെങ്കിൽ പുതിയ സർക്കാറിന്റെ നയങ്ങളിൽ വ്യക്തത വരുന്നത് വരെ വിപണിയിൽ വിൽപ്പനയുണ്ടായേക്കാം എന്നുമാണ് വിലയിരുത്തൽ. 

അഞ്ച് തിരഞ്ഞെടുപ്പും വിപണിയും

കഴിഞ്ഞ അഞ്ച് ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷവും സെൻസെക്സ് ആറു മാസത്തിനുള്ളിൽ നേട്ടം നൽകിയെന്നാണ് കണക്ക്. ഇതിൽ മൂന്ന് ബിജെപി സർക്കാറും രണ്ട് കോൺ​ഗ്രസ് മുന്നണി സർക്കാറുമാണ് ഭരണത്തിലെത്തിയത്. 1999 ൽ വാജ്‍പേയ് സർക്കാറിൻറെ കാലത്ത് ആദ്യ ആഴ്ച 7.4 ശതമാനമാണ് സെൻസെക്സ് മുന്നേറിയത്. ഒരു മാസ കാലയളവിൽ 2.4 ശതമാനം ഇടിവും നേരിട്ടു. മൂന്ന് മാസത്തിനിടെ 15.1 ശതമാനം നേട്ടം തിരികെ പിടിച്ച സെൻസെക്സ് ആറു മാസത്തിനിടെ 3.4 ശതമാനം നേട്ടം നൽകി.  

2004 ൽ മൻമോഹൻ സിങിൻറെ നേതൃത്വത്തിലുള്ള യുപിഎ മുന്നണി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയപ്പോൾ ഒരാഴ്ച കൊണ്ട് 8 ശതമാനമാണ് സെൻസെക്സ് നേരിട്ട ഇടിവ്. ഒരു മാസത്തിനിടെ 9.8 ശതമാനവും മൂന്ന് മാസത്തിനിടെ 4.8 ശതമാനവും ഇടിവ് നേരിട്ടു. എന്നാൽ ആറു മാസ കാലയളവിനിടെ 11.3 ശതമാനം റിട്ടേൺ സെൻസെക്സ് നേടി. 

2009 യുപിഎ ഭരണ തുടർച്ച നേടിയ കാലത്ത് ഒരാഴ്ചയ്ക്കിടെ സെൻസെക്സ് 14.1 ശതമാനം മുന്നേറി. ഒരു മാസത്തിനിടെ 22.9 ശതമാനവും മൂന്ന് മാസത്തിനിടെ 26.6 ശതമാനവും ആറ് മാസത്തിനിടെ 39.9 ശതമാനവും നേട്ടമുണ്ടാക്കിയതും യുപിഎ കാലത്താണ്. 2014 ൽ ആദ്യ നരേന്ദ്രമോദി സർക്കാറിൻറെ കാലത്ത് 2 ശതമാനമാണ് ആദ്യ ആഴ്ചയിലെ സെൻസെക്സിന്റെ മുന്നേറ്റം. പിന്നീട് നേട്ടം തുടർന്ന വിപണി ആദ്യ മാസം 5.4 ശതമാനവും മൂന്ന് മാസത്തിനിടെ 9.2 ശതമാനവും ആറ് മാസത്തിനിടെ 17.3 ശതമാനവും ഉയർന്നു.

2019 ൽ ബിജെപി സർക്കാറിന് ഭരണ തുടർച്ചയുണ്ടായെങ്കിലും ഒരാഴ്ചയ്ക്കിടെ 1.9 ശതമാനം മാത്രമാണ് സെൻസെക്സ് ഉയർന്നത്. ഒരു മാസത്തിനിടെ 0.2 ശതമാനവും മൂന്ന് മാസത്തിനിടെ 6.2 ശതമാനം ഇടിവും നേരിട്ടു. ആറു മാസത്തിനിടെ പോസറ്റിവിലേക്ക് ഉയർന്ന സെൻസെക്സ് ഉണ്ടാക്കിയ നേട്ടം 3.2 ശതമാനമാണ്.

ENGLISH SUMMARY:

How Loksabha Election Result Impact On Stock Market Sensex Gives Postive Return After Last 5 Election