nps-vatsalya

AI Generated Image

  • 18 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കുള്ളതാണ് പദ്ധതി
  • കുറഞ്ഞ നിക്ഷേപം 1,000 രൂപ

മക്കളുടെ സാമ്പത്തിക സുരക്ഷിതത്വം ആ​ഗ്രഹിക്കുന്നവരല്ലെ. അത്തരക്കാർക്ക് വേണ്ടി കേന്ദ്ര സർക്കാർ 2024 ലെ യൂണിയൻ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് എൻപിഎസ് വാത്സല്യ. പെൻഷൻ അക്കൗണ്ട് വഴി കോമ്പൗണ്ടിംഗിന്റെ ബലത്തിൽ ദീർഘകാല വരുമാനം ഉറപ്പിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സെപ്റ്റംബർ 18 മുതൽ ലഭ്യമായി തുടങ്ങിയ പദ്ധതി ആദ്യ ദിവസം തന്നെ 9705 പേരാണ് അം​ഗങ്ങളായത്. 18 വയസിന് താഴെ പ്രായമുള്ള മക്കളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുക. 10,000 രൂപ വീതം നിക്ഷേപിച്ചാൽ കോടിപതിയാക്കാം എന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. പദ്ധതിയെ വിശദമായി നോക്കാം. 

എന്താണ് എൻപിഎസ് വാത്സല്യ

ദേശിയ പെൻഷൻ പദ്ധതി (എൻപിഎസ്) ക്ക് കീഴിൽ വരുന്ന എൻപിഎസ് വാത്സല്യ  പെൻഷൻ ഫണ്ട്  റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെൻറ് അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 18 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കുള്ളതാണ് പദ്ധതി. രക്ഷിതാക്കൾക്ക് കുട്ടിയുടെ പേരിൽ എൻപിഎസ് വാത്സല്യ അക്കൗണ്ടെടുക്കാം. പ്രായപൂർത്തിയാകാത്ത കുട്ടിയായിരിക്കും അക്കൗണ്ടിന്റെ പൂർണ ​ഗുണഭോക്താവ്. അക്കൗണ്ടെുക്കുന്നതിന് കുട്ടിയുടെ പാൻ കാർഡ്, ആധാർ കാർഡ് എന്നിവ ആവശ്യമാണ്. 

Also Readപെൺമക്കൾക്ക് വേണ്ടിയുള്ള സർക്കാർ നിക്ഷേപം; സുകന്യ സമൃദ്ധിയുടെ പുതിയ പലിശ നിരക്കും നേട്ടങ്ങളും അറിയാം

എൻപിഎസ് വാത്സല്യ അക്കൗണ്ട് ആരംഭിക്കുന്ന ഘട്ടത്തിൽ 1,000 രൂപയുടെ കുറഞ്ഞ നിക്ഷേപം വേണം. വർഷത്തിൽ 1,000 രൂപയുടെ കുറഞ്ഞ വാർഷിക നിക്ഷേപവും അക്കൗണ്ടിൽ വേണം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ബാങ്ക്, പോസ്റ്റ് ഓഫീസ്, പെൻഷൻ ഫണ്ട് എന്നിവ വഴി എൻപിഎസ് വാത്സല്യയിൽ അക്കൗണ്ട് ആരംഭിക്കാം. എൻപിഎസ് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് എൻപിഎസ് വാത്സല്യയുടെ പ്രവർത്തനം. 

Also Read: പെട്രോളടിക്കാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ലാഭമുണ്ടോ? ഈ ചാർജിനെ പറ്റി അറിയണം

മൂന്ന് വർഷത്തെ ലോക്ഇൻ പിരിയഡിന് ശേഷം നിക്ഷേപത്തിൻറെ 25 ശതമാനം പിൻവലിക്കാം. വിദ്യാഭ്യാസത്തിനോ പ്രത്യേക രോഗത്തിനോ മാത്രമായി ഈ പിൻവലിക്കൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. പരമാവധി മൂന്ന് തവനണയാണ് പിൻവലിക്കാനാകുക. കുട്ടി 18 വയസ് പൂർത്തിയാകുമ്പോൾ അക്കൗണ്ട് എൻപിഎസ് ടെയർ1 അക്കൗണ്ടായി മാറ്റും. രാജ്യത്തെ എല്ലാ പൗരന്മാർക്കും ആരംഭിക്കാൻ സാധിക്കുന്ന എൻപിഎസ് അക്കൗണ്ടാണിത്. ഇതിലൂടെ ഓട്ടോ ചോയിസ്, ആക്ടീവ് ചോയീസ് എന്നിങ്ങനെയുള്ള എല്ലാ ഓപ്ഷനും ലഭിക്കും. 

18 വർഷം പൂർത്തിയായാൽ ആവശ്യമെങ്കിൽ പദ്ധതിയിൽ നിന്ന് പുറത്ത് കടക്കാം. നിക്ഷേപവും റിട്ടേണും ചേർന്ന് 2.5 ലക്ഷം രൂപയിൽ കൂടുതലുണ്ടെങ്കിൽ കോർപ്പസിൻ്റെ 80 ശതമാനം ആന്വിറ്റിയായും 20 ശതമാനം ഒറ്റത്തവണയായും പിൻവലിക്കാം. 2.50 ലക്ഷം രൂപയോ കുറവോ ആണ് കോർപ്പസെങ്കിൽ തുക പൂർണമായും പിൻവലിക്കാം. 

എൻപിഎസ് വാത്സല്യ കാൽക്കുലേറ്റർ

എൻപിഎസ് അക്കൗണ്ടുകൾ ഇക്വിറ്റിയിൽ 14 ശതമാനവും കോർപ്പറേറ്റ് ബോണ്ടിൽ 9.1 ശതമാനവും സർക്കാർ സെക്യൂരിറ്റികളിൽ 8.8 ശതമാനവും റിട്ടേൺ നൽകിയതായി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. 10,000 രൂപ വീതം രക്ഷിതാക്കൾ 18 വർഷത്തേക്ക് നിക്ഷേപിക്കുകയും 10 ശതമാനം റിട്ടേൺ ലഭിക്കുകയും ചെയ്താൽ അഞ്ച് ലക്ഷത്തിനടുത്ത് എൻപിഎസ് വാത്സല്യയിലൂടെ ഉണ്ടാക്കാം.

18 വർഷത്തിന് ശേഷം 60 വയസുവരെ ഈ എൻപിഎസ് അക്കൗണ്ട് തുടർന്നാൽ 2.75 കോടി രൂപയാകും ആകെ സമ്പാദ്യം. 10 ശതമാനം റിട്ടേൺ ലഭിക്കുന്ന തുകയാണിത്. റിട്ടേൺ 11.59 ശതമാനമായി വർധിച്ചാൽ സമ്പാദ്യം 5.97 കോടിയിലേക്ക് എത്തും. 

ENGLISH SUMMARY:

Invest Rs 10,000 per year in NPS Vatsalya to make children crorepati.