ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ മികച്ച പലിശ നല്‍കുന്നൊരു നിക്ഷേപമാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ മഹിള സമ്മാന്‍ സേവിങ്സ് സ്കീം. സ്ത്രീകള്‍ക്ക് മാത്രമായുള്ള പദ്ധതിയാണ് 2023 കേന്ദ്ര ബജറ്റിലാണ് ആരംഭിച്ചത്. രണ്ടു വര്‍ഷ കാലാവധിയുള്ള പദ്ധതിയില്‍ 2025 മാര്‍ച്ച് 31 വരെയാണ് അപേക്ഷിക്കാന്‍ സാധിക്കുക. പരമാവധി നിക്ഷേപമായ രണ്ട് ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 32,000 രൂപയ്ക്ക് മുകളില്‍ പലിശ ഉറപ്പ് നല്‍കുന്ന പദ്ധതിയാണിത്. ഒക്ടോബര്‍ 31 വരെ 43.3 ലക്ഷം അക്കൗണ്ടുകളാണ് ആരംഭിച്ചത്.
രണ്ടു വര്‍ഷത്തേക്ക് ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ എന്നതാണ് മഹിളാ സമ്മാന്‍ സേവിങ്സ് സ്കീമിന്‍റെ പ്രത്യേകത. 7.50 ശതമാനം വാര്‍ഷിക പലിശ നല്‍കുന്ന പദ്ധതിയാണ് മഹിളാ സമ്മാന്‍ സേവിങ്സ് സ്കീം. ത്രൈമാസത്തില്‍ പലിശ കോമ്പൗണ്ട് ചെയ്യും. അക്കൗണ്ട് അവസാനിക്കുന്ന സമയത്ത് പലിശ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. എസ്ബിഐ രണ്ട് വര്‍ഷത്തേക്ക് 6.80 ശതമാനം പലിശ നല്‍കുന്ന സമയത്താണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഉയര്‍ന്ന പലിശ.
സ്ത്രീകള്‍ക്ക് മാത്രമെ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ എന്നതാണ് നിക്ഷേപത്തിന്‍റെ പ്രത്യേകത. രക്ഷിതാക്കള്‍ക്ക് കുട്ടിയുടെ പേരില്‍ അക്കൗണ്ട് ആരംഭിക്കാം. 1,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെയാണ് പദ്ധതിയില്‍ നിക്ഷേപിക്കാനാവുക. ഒന്നിലധികം അക്കൗണ്ട് ആരംഭിക്കാമെങ്കിലും നിക്ഷേപ പരിധി 2 ലക്ഷം രൂപയായിരിക്കും.
പോസ്റ്റ് ഓഫീസ് വഴിയും പൊതുമേഖലാ ബാങ്ക് വഴിയും പദ്ധതിയില്‍ ചേരാം. അക്കൗണ്ട് ഓപ്പണിങ് ഫോം പൂരിപിച്ച് കെവൈസി രേഖകള്‍ സഹിതം അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ട് ആരംഭിച്ച ഒരു വര്‍ഷത്തിന് ശേഷം 40 ശതമാനം പിന്‍വലിക്കാം. അക്കൗണ്ട് ആരംഭിച്ച് രണ്ട് വര്‍ഷമാണ് കാലാവധി. രണ്ട് ലക്ഷം രൂപയാണ് പരമാവധി നിക്ഷേപ തുക. ഇത് നിക്ഷേപിക്കുന്നൊരാള്‍ക്ക് 7.50 ശതമാനം പലിശ നിരക്കില്‍ 32,044 രൂപ പലിശയായി ലഭിക്കും. കാലാവധിയില്‍ 232044 അക്കൗണ്ടില്‍ ക്രെഡിറ്റാകും.