ചിത്രത്തിന് കടപ്പാട്/ X

ചിത്രത്തിന് കടപ്പാട്/ X

ഫോബ്സ് 2024 ലെ ശതകോടീശ്വരന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ 200 ഇന്ത്യക്കാരാണ് പട്ടികയില്‍ ഇടംപിടിച്ചത്. കുടുംബ ബിസിനസ് വഴിയും സ്വന്തം പ്രയത്നം വഴിയും വളര്‍ന്ന നിരവധി പേരെ ഈ പട്ടികയില്‍ കാണാം. 200 ഇന്ത്യക്കാരില്‍ പ്രായം കുറഞ്ഞ കോടീശ്വരന്‍ 37 കാരനായ നിഖില്‍ കാമത്താണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോക്കറേജ് സ്ഥാപനമായ സെരോദയുടെ സഹസ്ഥാപകനാണ് നിഖില്‍. 

 

2024 ലെ ഫോബ്സ് പട്ടിക പ്രകാരം 310 കോടി ഡോളര്‍ ആസ്തിയാണ് നിഖില്‍ കാമത്തിനുള്ളത്. 2023 ല്‍ 110 കോടി ഡോളറായിരുന്നു നിഖിലിന്‍റെ ആസ്തി. ഇതാണ് 310 കോടി ഡോളറിലേക്ക് ഉയര്‍ന്നത്. ഇതോടെ ആഗോള സമ്പന്നരില്‍ 1,062–ാം സ്ഥാനത്തേക്കും നിഖില്‍ കാമത്ത് ഉയര്‍ന്നു. അതേസമയം പത്താം ക്ലാസില്‍ പഠിത്തം നിര്‍ത്തി ജോലിക്ക് ഇറങ്ങി സംരംഭകനായ കഥയും നിഖില്‍ കാമത്തിനുണ്ട്. 

 

ഈയിടെ ഒരു അഭിമുഖത്തില്‍ താന്‍ പത്താം തരത്തിന് ശേഷം സ്കൂളില്‍ പോയിട്ടില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. 'ഒരു മോശം സ്കൂളിലായിരുന്നു ഞാന്‍ പഠിച്ചിരുന്നത്. എനിക്കേറ്റവും വെറുക്കപ്പെട്ട സ്കൂളും അധ്യാപകരുമായിരുന്നു. ഭയപ്പെടാന്‍ പാടില്ലാത്ത കാര്യങ്ങളില്‍ ഭയപ്പെട്ടാണ് വളര്‍ന്നത്. അങ്ങനെ 10–ാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തി, ജോലിക്ക് പോകാന്‍ തുടങ്ങി', എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. 

 

17–ാം വയസില്‍ ബെംഗളൂരുവില്‍ കോള്‍സെന്‍ററില്‍ ജോലി ചെയ്ത് തുടങ്ങിയ ശേഷമാണ് നിഖില്‍ കാമത്ത് സംരംഭകനാകുന്നത്. '17-ാം വയസില്‍ 8000 രൂപ ശമ്പളം ലഭിക്കും. വൈകീട്ട് നാല് മുതല്‍ ഒരു മണിവരെയായിരുന്നു കോള്‍ സെന്‍ററിലെ ജോലി, രാവിലെ ട്രേഡിങും. ഇതായിരുന്നു ജീവിതം', വളര്‍ന്ന വഴികളെ പറ്റിയും നിഖില്‍ മറ്റൊരു അഭിമുഖത്തില്‍ പറയുന്നുണ്ട്. 

 

2010 ലാണ് ജോലി ഉപേക്ഷിച്ച് സഹോദരന്‍ നിതിന്‍ കാമത്തിനൊപ്പം കാമത്ത് അസോസിയേറ്റ് തുടങ്ങുന്നത്. ഇതിലൂടെയാണ് ഡിസ്ക്കൗണ്ട് ബ്രോക്കറേജ് സ്ഥാപമായ സെരൊദ ആരംഭിക്കുന്നത്. കമ്പനി 2023 ല്‍ 2000 കോടി രൂപയുടെ ലാഭമുണ്ടാക്കി. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെരോദയ്ക്ക് 10 ദശലക്ഷം ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. രാജ്യത്തെ ഏറ്റവും വലിയ ബ്രോക്കറേജ് സ്ഥാപനമായി ഇത് വളര്‍ന്നു.

 

 

പ്രായം കുറഞ്ഞ സമ്പന്നരുടെ പട്ടികയില്‍ ഫ്ലിപ്കാര്‍ട്ട് സ്ഥാപരായ ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലുമാണ് തൊട്ടുപിന്നില്‍. 41കാരനായ ബിന്നി ബന്‍സാലിന് 1.4 ബില്യണ്‍ ഡോളറിന്‍റെ ആസ്തിയുണ്ട്. സച്ചിന്‍ സന്‍സാലിനും 1.4 ബില്യണ്‍ ഡോളറാണ് ആസ്തി.