രത്തൻ ടാറ്റയുടെ മരണ ശേഷം ടാറ്റ ട്രസ്റ്റിന്‍റെ തലപ്പത്തേക്ക് എത്തിയത് രത്തൻ ടാറ്റയുടെ അർധ സഹോദരൻ നോയൽ ടാറ്റയാണ്. നിലവിൽ വെസ്റ്റസൈഡ്, സുഡിയോ, സ്റ്റാർ ബസാർ എന്നിവ നിയന്ത്രിക്കുന്ന ടാറ്റ ഗ്രൂപ്പിന്‍റെ റീട്ടെയിൽ വിഭാഗമായ ട്രെൻഡ് ലിമിറ്റഡിന്‍റെ ചെയർമാനാണ് അദ്ദേഹം. എന്തുകൊണ്ടാണ് രത്തൻ ടാറ്റയുടെ അനുജനായ ജിമ്മി ടാറ്റ ഈ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത്. ഇതിന് ഉത്തരം അദ്ദേഹത്തിന്‍റെ ജീവിതമാണ്.
ജ്യേഷ്ഠന്‍ രത്തൻ ടാറ്റയെ പോലെ പൊതുമധ്യത്തിൽ അറിയപ്പെടുന്ന ആളല്ല ജിമ്മി ടാറ്റ. ടാറ്റ ഗ്രൂപ്പിന്‍റെ സമ്പന്നതയുടെ നിഴലുണ്ടെങ്കിലും താഴ്ന്ന ജീവിത നിലവാരം പുലർത്തുന്നയാളാണ് ജിമ്മി. ടാറ്റ ഗ്രൂപ്പിന്‍റെ ദൈനംദിന ജോലികളില്‍ അദ്ദേഹത്തിന്‍റെ ഇടപെടലുകൾ നന്നേ കുറവ്.
Also Read: ആംബുലൻസിനൊപ്പം ബൈക്കില്‍; അവസാന യാത്രയിലും രത്തന്‍ ടാറ്റയ്ക്കൊപ്പം ശാന്തനു
മുംബൈ കോലാബയിലെ ഹാംപിടൺ കോർട്ടിൽ രണ്ട് നില അപ്പാര്‍ട്ട്മെൻറിലാണ് ജിമ്മി ടാറ്റയുടെ താമസം. ബിസിനസിൽ താൽപര്യമില്ലാത്ത അദ്ദേഹം മൊബൈൽ ഫോണും ഉപയോഗിക്കുന്നില്ല. പത്രത്തിലും ടിവിയിലും വരുന്ന വാർത്തകളോട് മാത്രമാണ് താൽപര്യം. മികച്ചൊരു സ്ക്വാഷ് താരമാണ് ജിമ്മി ടാറ്റ.
ലളിത ജീവിതമാണെങ്കിലും ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, ടാറ്റ സൺസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) എന്നിവയുൾപ്പെടെ നിരവധി ടാറ്റ കമ്പനികളിൽ ജിമ്മിക്ക് ഓഹരി പങ്കാളിത്തമുണ്ട്. ജിമ്മിയുടെ ലളിത ജീവിതം പങ്കുവച്ച് 2022 ൽ ആർപിജി എൻറർപ്രൈസ് ചെയർമാനായ ഹർഷ വർധൻ ഗോയങ്കെ എക്സിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.
നവൽ ടാറ്റയുടേയും സൂനി ടാറ്റയുടേയും മക്കളാണ് രത്തൻ ടാറ്റയും ജിമ്മി ടാറ്റയും. രത്തൻ ടാറ്റയുടെ പത്താം വയസിലാണ് നവെൽ ടാറ്റയും സൂനിയും വിവാഹമോചിതരാകുന്നത്. ഇതിന് ശേഷം രത്തൻ ടാറ്റയും ജിമ്മി ടാറ്റയും നവജ്ബായ് ടാറ്റയുടെ മേൽനോട്ടത്തിലാണ് വളർന്നത്. രത്തൻ ടാറ്റയെ പോലെ അവിവാഹിതനാണ് ജിമ്മിയും.
ജിമ്മിക്കൊപ്പമുള്ള 1945 ലെ ഒരു ചിത്രം രത്തൻ ടാറ്റ 2023 ൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. 'സന്തോഷകരമായ ദിവസങ്ങൾ. അന്ന് ഞങ്ങൾക്കിടയിൽ ഒന്നുമില്ലായിരുന്നു' എന്ന തലക്കെട്ടോടെയായിരുന്നു രത്തൻ ജിമ്മിയും ചേർന്നുള്ള ചിത്രം. ഇവരുടെ നായയും ചിത്രത്തിലുണ്ടായിരുന്നു.
രത്തൻ ടാറ്റയുടെ പിതാവ് നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിലെ മകനാണ് നോയൽ ടാറ്റ. സ്വീഡിഷുകാരിയായ സിമോണുമായിട്ടായിരുന്നു നവൽ ടാറ്റയുടെ രണ്ടാം വിവാഹം. ഈ ബന്ധത്തിലെ മകനാണ് നോയൽ ടാറ്റ. നോയൽ ടാറ്റയടെ മൂന്ന് മക്കളായ മായ, നെവിൽ, ലിയ ടാറ്റ എന്നിവരും ടാറ്റ ഗ്രൂപ്പിന്‍റെ വിവിധ കമ്പനികളുടെ ഭാഗമാണ്