ഇന്ത്യന്‍ സമ്പന്നര്‍മാര്‍ക്ക് എങ്ങനെയായിരുന്നു ഈ വര്‍ഷം. ലോക സമ്പന്നരില്‍ ആദ്യ പത്തിലുണ്ടായിരുന്ന മുകേഷ് അംബാനിയും ഗൗതം അദാനിയും വര്‍ഷാവസാനം പത്തിന് പുറത്താകുന്നതാണ് അവസ്ഥ. ഇരുവരുടെയും ആസ്തി 100 ബില്യണ്‍ ഡോളര്‍ (ഏകദേശം 8.3 ലക്ഷം കോടി രൂപ) താഴെയെത്തി. ലോക സമ്പന്നരില്‍ മുകേഷ് അംബാനി 17-ാമതും ഗൗതം അദാനി 19-ാമതുമാണ്.
അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങള്‍ നടന്ന ജൂലായില്‍ 120.8 ബില്യണ്‍ ഡോളറായിരുന്നു മുകേഷ് അംബാനിയുടെ ആസ്തി. ഏകദേശം 10.03 ലക്ഷം കോടി രൂപ (1,003,640 കോടി). ബ്ലൂംബെര്‍ഡ് ബില്യണയര്‍ സൂചിക പ്രകാരം, ഡിസംബര്‍ 13 നുള്ള അംബാനിയുടെ ആസ്തി 96.7 ബില്യണ്‍ ഡോളറാണ്. അഥവാ 8.04 ലക്ഷം കോടി രൂപ.
റിലയൻസിന്‍റെ എനര്‍ജി, റീട്ടെയിൽ ബിസിനസുകളിലെ തിരിച്ചടികളാണ് അംബാനിയുടെ ആസ്തിയില്‍ പ്രതിഫലിപ്പിച്ചത്. കമ്പനിയുടെ കടം ഉയരുന്നതില്‍ നിക്ഷേപകര്‍ ആശങ്ക പ്രകടിപ്പിച്ചത് കാരണം റിലയന്‍സ് ഓഹരിയുടെ പ്രകടനവും താഴോട്ടാണ്. ഓയില്‍–കെമിക്കല്‍ ബിസിനസിലെ ഡിമാൻഡ് കുറയുന്നത്, റീട്ടെയിൽ വിഭാഗത്തിലെ ഉപഭോക്തൃ ചിലവ് മന്ദഗതിയിലാകുന്നത് എന്നിവയും ഓഹരിയെ ബാധിച്ചു.
ഇന്ത്യന്‍ സമ്പന്നരില്‍ രണ്ടാമനായിരുന്ന ഗൗതം അദാനിക്കും തിരിച്ചടി നേരിട്ടിട്ടുണ്ട്. ജൂണില്‍ 122.3 ബില്യണ്‍ ഡോളറായിരുന്ന (10.16 ലക്ഷം കോടി രൂപ) അദാനിയുടെ ആസ്തി, ഡിസംബറിൽ 82.1 ബില്യൺ ഡോളറായി (6.82 ലക്ഷം കോടി രൂപ) കുറഞ്ഞു. അദാനി ഗ്രൂപ്പിനെതിരെ വന്ന തുടര്‍ച്ചയായ ആരോപണങ്ങളും അന്വേഷണങ്ങളുമാണ് കുത്തനെയുള്ള ഇടിവിന് കാരണം.
അതേസമയം ഇന്ത്യയിലെ 20 ശതകോടീശ്വരന്മാർ ചേര്‍ന്ന് ഈ വര്‍ഷം സമ്പത്തിൽ 67.3 ബില്യൺ ഡോളർ (5.59 ലക്ഷം കോടി) കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ശിവ് നാടാർ, സാവിത്രി ജിൻഡാൽ എന്നിവരാണ് സമ്പത്ത് സ്വന്തമാക്കിയവരില്‍ മുന്നില്‍.