ഈ വർഷം സമ്പത്തിൽ അൽപം കുറവു വന്നിട്ടുണ്ടെങ്കിലും ഇന്ത്യയിലെ സമ്പന്നരിൽ ഒന്നാമൻ തന്നെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ലോകത്ത് 17-ാം സ്ഥാനം. ബ്ലുംബെർഗ് ബില്യണയർ ഇൻഡെക്സ് പ്രകാരം 91.3 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ 7.80 ലക്ഷം കോടി രൂപ വരും. ആസ്തി ഇത്രയുണ്ടെങ്കിലും റിലയൻസിൽ നിന്ന് കഴിഞ്ഞ നാലു വർഷമായി നയാപൈസ അംബാനി ശമ്പളമായി കൈപ്പറ്റിയിട്ടില്ല. കോവിഡ് മുതൽ തുടരുന്നതാണ് ഈ ശീലം.
ഭാര്യ നിതാ അംബാനി 2023 ഓഗസ്റ്റ് വരെ റിലയൻസ് ഇൻഡസ്ട്രീസ് ബോർഡിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടരായിരുന്നു. ഈ കാലത്ത് 2 ലക്ഷം രൂപയായിരുന്നു ഓരോ സിറ്റിങിനും നിതാ അംബാനിയുടെ ശമ്പളം. 97 ലക്ഷം രൂപ കമ്മീഷനായും അക്കാലത്ത് അവർകൈപ്പറ്റിയിട്ടുണ്ട്. ഏകദേശം 2340-2510 കോടി രൂപയ്ക്കടുത്താണ് നിതാ അംബാനിയുടെ ശമ്പളം.
മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും മൂന്ന് മക്കളാണ് ആകാശ് അംബാനി, ഇഷ അംബാനി, അനന്ത് അംബാനി. റിലയൻസ് ഇൻഡസ്ട്രീസിന്റെ വിവിധ കമ്പനികളുടെ ഭാഗമാണ് മൂവരും.
റിലയൻസ് ജിയോയുടെ ചെയർമാനാണ് ആകാശ് അംബാനി. 2019 ലാണ് ആകാശും ശ്ലോക മേത്തയും തമ്മിലുള്ള വിവാഹം. പൃഥ്വി, വേദ അംബാനി എന്നിവരാണ് ഇവരുടെ മക്കൾ. 3,300 കോടി രൂപ ആസ്തിയുള്ള ആകാശ് അംബാനി 2024-ലെ ഹുറുൺ ഇന്ത്യ അണ്ടർ 35 പട്ടികയിൽ 32-ാം സ്ഥാനത്താണ്.
റിലയൻസ് റീട്ടെയിലിൻ്റെ ചെയർപേഴ്‌സണായാണ് ഇഷ അംബാനി പ്രവർത്തിക്കുന്നത്. വ്യവസായി അജയ് പിരാമലിൻ്റെ മകൻ ആനന്ദ് പിരാമലിനെയാണ് ഇഷ വിവാഹം ചെയ്തത്. 2018 ഡിസംബറിലായിരുന്നു വിവാഹം. കൃഷ്ണ, ആദിയ എന്നിവരാണ് മക്കൾ. ഹുറുൺ ഇന്ത്യ അണ്ടർ 35 പട്ടികയിൽ ഇഷ 31-ാം സ്ഥാനത്താണ്. ഏകദേശം 800 കോടി രൂപയുടെ ആസ്തിയാണ് ഇഷ അംബാനിക്കുള്ളത്.
ഇളയമകനായ അനന്ത് അംബാനി 2020 മാർച്ച് മുതൽ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിൻ്റെയും 2021 ജൂൺ മുതൽ റിലയൻസ് ന്യൂ എനർജി ലിമിറ്റഡിൻ്റെയും റിലയൻസ് ന്യൂ സോളാർ എനർജി ലിമിറ്റഡിൻ്റെയും ബോർഡുകളുടെ ഡയറക്ടറാണ്. 2024 ജൂലായ് ലാണ് രാധിക മർച്ചെന്റുമായുള്ള അനന്ത് അംബാനിയുടെ വിവാഹം. അനന്ത് അംബാനിയുടെ വാർഷിക ശമ്പളം 4.2 കോടി രൂപയോളമാണെന്നാണ് റിപ്പോർട്ട്.