ഇനി യു.എസില്‍ ട്രംപ് കാലം. 47ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു. ക്യാപിറ്റൾ മന്ദിരത്തിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ നടന്നത്. ബിസിനസുകാരനായ രാഷ്ട്രീയകാരന്‍ കൂടിയാണ് പുതിയ യു.എസ് പ്രസിഡന്‍റ്. അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്‍പായി സ്വന്തം ക്രിപ്റ്റോ ടോക്കണ്‍ പുറത്തിറക്കിയാണ് ട്രംപ് ഞെട്ടിച്ചത്. ട്രംപിന്‍റെ ആസ്തിയുടെ വലിയൊരു ഭാഗം മീംകോയിനായ $TRUMP ലൂടെയാണ്.
പ്രസിഡന്‍റായി ചുതമലയേല്‍ക്കുന്നതിന് മുന്‍പ് വെള്ളിയാഴ്ചയാണ് ട്രംപ് $TRUMP എന്ന പേരില്‍ ക്രിപ്റ്റോ ടോക്കണ്‍ അവതരിപ്പിച്ചത്. തിങ്കളാഴ്ച ട്രംപ് അധികാരമേറ്റതോടെ ട്രംപ് മീം കോയിനിന്‍റെ വിപണി മൂല്യം 10 ബില്യണ‍്‍ ഡോളറിലധികമായാണ് വര്‍ധിച്ചത്. ഞായറാഴ്ച 10 ഡോളറിന് താഴെയായിരുന്ന കോയിന്‍റെ മൂല്യം 74.59 ഡോളറിലേക്കാണ് തിങ്കളാഴ്ച കുതിച്ചത്.
ട്രംപിന് പിന്നാലെ മെലാനിയ ട്രംപും സ്വന്തം പേരില്‍ കോയിന്‍ പുറത്തിറക്കിയിട്ടുണ്ട്. ട്രംപിന്‍റെ ക്രിപ്റ്റോ അനുകൂല സമീപനം ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റകോയിനിലും നേട്ടമുണ്ടാക്കി. 1,09,071 ഡോളറിലേക്ക് ഉയര്‍ന്ന് ബിറ്റ്കോയിന്‍ പുതിയ ഉയരം കുറിച്ചു.
സമ്പന്നനായ പ്രസിഡന്‍റ് കൂടിയാണ് ഡോണള്‍ഡ് ട്രംപ്. ഫോബ്സിന്‍റെ കണക്കുപ്രകാരം 6.7 ബില്യണ്‍ ഡോളറാണ് ട്രംപിന്‍റെ ആസ്തി. ഏകദേശം 56,950 കോടി രൂപ. 2024 ലെ ഫോബ്സിന്‍റെ സമ്പന്നരായ 400 പേരുടെ പട്ടികയില്‍ 319–ാമതാണ് ട്രംപ്. ബ്ലൂംബെര്‍ഗിന്‍റെ ബില്യണയര്‍ ഇന്‍ഡക്സില്‍ ട്രംപിന്‍റെ ആസ്തി 7.16 ബില്യണ്‍ ഡോളറാണ്.
ട്രംപ് കോയിന്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് 7 ബില്യണ്‍ ഡോളറിന് സമീപമായിരുന്ന ട്രംപിന്‍റെ ആസ്തി. ട്രംപിന്‍റെ ക്രിപ്റ്റോ നിക്ഷേപങ്ങളെ കണക്കിലെടുക്കാതെയുള്ള തുകയാണിത്. ട്രംപ് കോയിനുമായി ബന്ധപ്പെട്ട വെബ്സൈറ്റ് പ്രകാരം, 80 ശതമാനം ക്രിപ്റ്റോയും ട്രംപുമായി ബന്ധപ്പെട്ട സിഐസി ഡിജിറ്റലിന്‍റെ കൈവശമാണ്. ട്രംപിന്‍റെ ക്രിപ്റ്റോ ഹോള്‍ഡിങ് 58 ബില്യണ്‍ ഡോളറാണെന്നാണ് കണക്ക്.
സോഷ്യല്‍ മീഡിയ കമ്പനിയായ ട്രംപ് മീഡിയ ആന്‍ഡ് ടെക്നോളജി ഗ്രൂപ്പിലെ ഓഹരി പങ്കാളിത്തമാണ് അടുത്തത്. 114.75 ദശലക്ഷം ഓഹരിയാണ് കമ്പനിയില്‍ ട്രംപിനുള്ളത്. ഏകദേശം 4.6 ബില്യണ്‍ ഡോളര്‍ മൂല്യംവരുമിതിന്. ട്രംപിന്‍റെ ആസ്തിയുടെ മറ്റൊരു വലിയൊരു ഭാഗം കേന്ദ്രീകരിക്കുന്നത് റിയല്‍ എസ്റ്റേറ്റിലാണ്. രാജ്യാന്തര റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ട്രംപ് ഓര്‍ഗനൈസേഷന്‍റെ ഉടമയാണ് പുതിയ യുഎസ് പ്രസിഡന്‍റ്. ഓഫീസ് കെട്ടിടങ്ങളും റിയല്‍ എസ്റ്റേറ്റ് പ്രൊപ്പര്‍ട്ടികളുടെയും ഉടമകളായ ട്രംപ് ഓര്‍ഗനൈസേഷന്‍റെ കീഴിലാണ് ന്യൂയോര്‍ക്കിലെ 40 വാള്‍ സ്ട്രീറ്റും 555 കാലിഫോര്‍ണിയ സ്ട്രീറ്റും.
2016 ല്‍ ആദ്യമായി യുഎസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായിരുന്ന കാലത്ത് 4.5 ബില്യണ്‍ ഡോളറായിരുന്നു ട്രംപിന്‍റെ ആസ്തി. അധികാരമേറ്റ ശേഷം ഇത് 2.1 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങിയിരുന്നു.