ernakulam-cybercrime

എറണാകുളം റൂറല്‍ ജില്ലയില്‍ സമീപ കാലത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം കവര്‍ന്നത് മൂന്ന് കോടിയിലേറെ രൂപ. വ്യാജ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞും, ഓണ്‍ലൈന്‍ ട്രേഡിങിലൂടെയുമാണ് തട്ടിപ്പ് നടത്തിയത്. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് തട്ടിപ്പിന് ഇരയായവരില്‍ ഏറെയും.

 

രണ്ട് മാര്‍ഗങ്ങള്‍ വഴിയാണ് ആലുവയിലും, കാലടിയിലും മൂന്ന് കോടിയിലേറെ രൂപ തട്ടിയെടുത്തത്. നികുതി വെട്ടിപ്പില്‍ കേസെടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞായിരുന്നു ആദ്യത്തെ തട്ടിപ്പ്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രം വാട്സ് ആപ്പ് ഡി.പി ആക്കിയ ശേഷം എഫ്.ഐ.ആര്‍ പകര്‍പ്പ് ഉള്‍പ്പടെ അയച്ച്, അവര്‍ പറയുന്ന അകൗണ്ടിലേക്ക് ഉടന്‍ പണം ട്രാന്‍ഫര്‍ ചെയ്യിക്കും. ആലുവ സ്വദേശിയില്‍ നിന്ന് ഒരു കോടി പതിനഞ്ച് ലക്ഷം രൂപയാണ് ഇങ്ങനെ തട്ടിയെടുത്തത്. മറ്റൊരാളുമായി ആശയ വിനിമയം നടത്താന്‍ പോലും സമയം നല്‍കാതെ തന്ത്രപരമായി ആയിരുന്നു തട്ടിപ്പ്. ഓണ്‍ലൈന്‍ ട്രേഡിങിലൂടെ വന്‍ തുക നേടിയെടുക്കുകയാണ് മറ്റൊരു രീതി. നിക്ഷേപിക്കുന്ന തകുയ്ക്ക് ഒരു ദിവസം അഞ്ച് ശതമാനം വരെ പലിശ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് ആലുവ,കാലടി, കോതമംഗലം സ്വദേശികളില്‍ നിന്ന് പണം വെട്ടിച്ചു. ലാഭ വിഹിതമെന്ന പേരില്‍ ആദ്യം കുറച്ച് തുക നല്‍കി വീണ്ടും നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കും. വന്‍ തുക സ്വപ്നം കണ്ട് നിരവധി പേരാണ് തട്ടിപ്പ് സംഘത്തിന്‍റെ വലയില്‍ വീണത്.

ഓണ്‍ലൈന്‍ ട്രേഡിങിലൂടെ കാലടി സ്വദേശിയ്ക്ക് നഷ്ടപ്പെട്ട 50 ലക്ഷം രൂപയില്‍ 40 ലക്ഷം തിരിച്ചു പിടിക്കാന്‍ പൊലീസിന് സാധിച്ചു. വ്യാജ ഉദ്യോഗസ്ഥര്‍ ചമഞ്ഞുള്ള തട്ടിപ്പില്‍ പ്രതികള്‍ പിടിയിലായെങ്കിലും പണം തിരിച്ചു പിടിക്കാന്‍ സാധിച്ചിട്ടില്ല. സൈബര്‍ സംഘത്തിന്‍റെ തട്ടിപ്പില്‍ ജാഗ്രത വേണമെന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്.