parivahan-fraud

മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്സൈറ്റ് വ്യാജമായി നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ പരാതിയില്‍ കേസെടുത്ത് കോഴിക്കോട് കുന്ദമംഗലം പൊലീസ്. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് ആദ്യഘട്ടത്തിൽ അനങ്ങാതിരുന്ന പൊലീസ് ഒടുവിൽ കേസെടുക്കാൻ തയ്യാറായത്.

 

മോട്ടോര്‍ വാഹനവകുപ്പിന്‍റെ പരിവാഹന്‍ വെബ്സൈറ്റ് വ്യാജമായി നിര്‍മിച്ച് മൊബൈല്‍ ഫോണിലേയ്ക്ക് സന്ദേശം അയച്ചാണ് പണം തട്ടിയെടുത്തത്. ഗതാഗതനിയമലംഘനത്തിന് പിഴ അടയ്ക്കണമെന്ന സന്ദേശത്തില്‍ ക്ലിക് ചെയ്തതോടെയാണ് 47000 രൂപ നഷ്ടമായത്. ആദ്യഘട്ടത്തില്‍ ഒരു ലക്ഷം രൂപയില്‍ കുറവുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പൊലിസ് മനോരമ ന്യൂസ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

െഎ.പി.സി 420, െഎ.ടി 66ഡി വകുപ്പ് പ്രകാരമാണ് കേസ്. ഈ തട്ടിപ്പില്‍ നിധീഷിനെപ്പോലെ ഒട്ടേറെപേരാണ് ഇരയായത്. മാനക്കേട് കാരണം പലരും പുറത്തുപറയുന്നില്ല. ആറുമാസത്തിനിടെ കോഴിക്കോട് നഗരത്തിൽ 52 ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളാണ് ഇതുവരെ റജിസ്റ്റര്‍ ചെയ്തത്.  ഇതിൽ 10 കേസിൽ മാത്രമാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്.

ENGLISH SUMMARY:

Police registered a case on a complaint of financial fraud by making a fake Parivahan website of the motor vehicle department.