ഉത്തര കൊറിയ സ്വദേശിയായ യുവാവിനെ ജോലിക്കെടുത്തത് മാത്രമേ കമ്പനിക്ക് ഓര്‍മയുള്ളൂ, ഇപ്പോള്‍ അടപടലം പണിയാണ് യുവാവ് കമ്പനിക്ക് നല്‍കുന്നത്. യുകെ,യുഎസ്,ഓസ്ട്രേലിയ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 4 മാസം മുന്‍പാണ് ഉത്തര കൊറിയ സ്വദേശിയായ ഐടി പ്രഫഷണലിനെ ജോലിക്കെടുത്തത്. തങ്ങളുടെ ജോലിക്ക് ഇയാള്‍ പ്രാപ്തനല്ലെന്ന് മനസിലാക്കിയ കമ്പനി ഇയാളെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടു. എന്നാല്‍ കമ്പനിയുടെ അടിവേരുവരെ മാന്തിയാണ് യുവാവ് കളം വിട്ടത്.
രാജ്യാന്തര മാധ്യ റിപ്പോര്‍ട്ട് പ്രകാരം വലിയ പ്രതിസന്ധിയിലൂടെയാണ് കമ്പനി ഇപ്പോള്‍ കടന്നുപോകുന്നത്. വ്യാജ ഔദ്യോഗിക വിവരങ്ങളും വ്യക്തിപരമായ വിവരങ്ങളും ഹാജരാക്കിയാണ് ഈ യുവാവ് കമ്പനിയില്‍ ജോലി നേടിയത്. കരാറടിസ്ഥാനത്തില്‍ കമ്പനിയില്‍ ജോലിക്കു ചേര്‍ന്ന യുവാവ് നാലുമാസം സേവനമനുഷ്ഠിച്ചു. കമ്പനി വിവരങ്ങളെല്ലാം ആക്സസ് ചെയ്യാന്‍ സാധിച്ചതോടെ യുവാവിന്റെ സ്വഭാവം മാറി. ജോലിയില്‍ യോഗ്യനല്ലെന്ന് വ്യക്തമായ കമ്പനി ഇയാളെ പറഞ്ഞുവിട്ടു. എന്നാല്‍ പിന്നാലെ അപ്രതീക്ഷിതമായ പണി വന്നു
കോർപ്പറേറ്റ് നെറ്റ്‌വർക്കിൽ ലോഗിൻ ചെയ്യാൻ ഇയാൾ സ്ഥാപനത്തിൻ്റെ റിമോട്ട് വർക്കിംഗ് ടൂളുകൾ ഉപയോഗിച്ചതായി മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്റേണല്‍ ആക്സസ് ലഭിച്ചതോടെ കമ്പനിവിവരങ്ങളെല്ലാം രഹസ്യമായി ഡൗണ്‍ലോഡ് ചെയ്തെടുത്തു. എന്നാല്‍ മോശം പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ കമ്പനി കരാര്‍ തൊഴിലാളിയായ ഇയാളെ പറഞ്ഞുവിട്ടു. എന്നാല്‍ അങ്ങനങ്ങ് കയ്യും വീശി പോകില്ലെന്നും ആറ്അക്ക തുക നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ട് യുവാവ് കമ്പനിക്ക് മെയില്‍ അയച്ചു. മോഷ്ടിച്ച ചില വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു ഭീഷണി സന്ദേശം. ആവശ്യപ്പെടുന്ന തുക നല്‍കിയില്ലെങ്കില്‍ കമ്പനി വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുകയോ വില്‍ക്കുകയോ ചെയ്യുമെന്നുമാണ് ഇയാളുടെ ഭീഷണി.
കമ്പനി തങ്ങളുടെ പേര് വെളിപ്പെടുത്തരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. അതുപോലെ തന്നെ യുവാവിന് തുക നല്‍കി കമ്പനി വിവരങ്ങള്‍ തിരിച്ചെടുത്തോ എന്നതിനെക്കുറിച്ചും വ്യക്തമല്ല. ആളുകളില്‍ അവബോധമുണ്ടാക്കുന്നതിന്റ ഭാഗമായാണ് കമ്പനി ഹാക്കിങ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് അധികൃതകര്‍ പറയുന്നു. അതേസമയം ഉത്തര കൊറിയക്കാരായ സൈബര്‍ കുറ്റവാളികളുടെ സ്ഥിരം നമ്പര്‍ ആണിതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. തട്ടിപ്പിനായി വേണ്ടി മാത്രം ജോലിയില്‍ പ്രവേശിക്കുന്നവരാണ് ഇക്കൂട്ടര്‍.
ഉത്തര കൊറിയന്‍ സൈബര്‍ കുറ്റവാളികള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി സൈബര്‍ സുരക്ഷാ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 മുതല്‍ പലയിടത്തുനിന്നായി സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ വിഷയത്തില്‍ യുഎസും ദക്ഷിണ കൊറിയയും ഉത്തരകൊറിയക്കെതിരെ നേരത്തേ രംഗത്തു വന്നിട്ടുണ്ട്. പുതിയ ജീവനക്കാരെ നിയമിക്കുമ്പോള്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും ജാഗ്രത കാണിക്കണമെന്നും സൈബര്‍ സുരക്ഷാ സംഘം മുന്നറിയിപ്പു ന്ല്‍കുന്നു.