ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ ഷൊർണൂർ സ്വദേശിയുടെ 2.70 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അഖിൽ, കൊല്ലം സ്വദേശി മുഹമ്മദ് നബീൽ എന്നിവരാണു ഷൊർണൂർ പൊലീസിന്റെ പിടിയിലായത്.
സമാനമായ മറ്റൊരു കേസിൽ കണ്ണൂർ സൈബർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികൾ ജ്യാമത്തിൽ ഇറങ്ങിയതിനു പിന്നാലെയാണു ഷൊർണൂർ പൊലീസിന്റെ പിടിയിലായത്. ഷൊർണൂർ സ്വദേശിയിൽ നിന്ന് ഓൺലൈനിലെ ഷെയർ ട്രേഡിങ്ങ് വഴി യുവാക്കൾ 2.70 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്. ബാങ്ക് ഉദ്യോഗസ്ഥനാണെന്നു തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചാണ് ഉടമയറിയാതെ പണം പിൻവലിച്ചത്.
തുക ഇതര സംസ്ഥാനങ്ങളിലെത് ഉൾപ്പെടെ വിവിധ അക്കൗണ്ട് നമ്പറുകളിലേക്കു മാറ്റിയെന്നാണു കണ്ടെത്തൽ. ഇവരുടെ അക്കൗണ്ടുകളിൽ ഭീമമായ തുകകളുടെ ഇടപാടുകൾ നടന്നതായും കണ്ടെത്തി. ഇവയെല്ലാം സമാനമായ രീതിയിലെത്തിയ പണമാണെന്നാണു നിഗമനം. ഇൻസ്പെക്ടർ വി.രവികുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.