ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകാരെ ക്യാമറയിൽ കുടുക്കി വിദ്യാർഥി. തിരുവനന്തപുരം പേരൂർക്കട സ്വദേശി അശ്വഘോഷ് സൈന്ധവാണ് മുബൈ സൈബർ പൊലീസ് എന്ന വ്യാജേനെ വിളിച്ച തട്ടിപ്പുകാരെ കുടുക്കിയത്. ഒരു മണിക്കൂറോളം അറസ്റ്റിന് ശ്രമിച്ച സംഘം കുടുങ്ങിയെന്ന് മനസിലായതോടെ വീഡിയോ കോൾ അവസാനിപ്പിച്ച് മുങ്ങുകയായിരുന്നു. പൊലീസിൽ നിന്നെന്ന വ്യാജ ഫോൺ വിളി വരുമ്പോൾ ഭയപ്പെടാതിരുന്നാൽ തട്ടിപ്പിൽ നിന്ന് രക്ഷപെടാമെന്ന് അശ്വഘോഷ് മനോരമ ന്യൂസിനോട് പറഞ്ഞു.
തട്ടിപ്പ് സംഘം ഇന്ന് ഉച്ചക്കാണ് അശ്വഘോഷിന്റെ മുന്നിൽ പെട്ടത്. പിതാവ് ടി സി രാജേഷിന്റെ ഫോണിലേക്ക് വിളിച്ച സംഘം സാമ്പത്തിക തട്ടിപ്പിലെ പ്രതിയെന്ന് പറഞ്ഞ് കെണിയിൽ വീഴ്ത്താനാണ് ശ്രമിച്ചത്. ബി സി എ കഴിഞ്ഞ് സൈബർ സുരക്ഷ കോഴ്സും പഠിച്ച അശ്വഘോഷ് തട്ടിപ്പുകാരെ വീഴ്ത്താനുള്ള സുവർണാവസരമാണ് തിരിച്ചറിഞ്ഞു. പിന്നീട് നടന്നത് എല്ലാം ക്യാമറയിലാക്കി.
മുംൈബ സൈബർ സെല്ലിലെ ഇൻസ്പെക്ടർ എന്ന് പറഞ്ഞ് ഐ ഡി കാർഡും കാണിച്ചെത്തിയ രണ്ട് ഉദ്യോഗസ്ഥർ മുറിയിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തുകയും അശ്വഘോഷിന്റെ പേരിൽ 28 കേസുകളുണ്ടെന്ന് പറഞ്ഞ് ഒരു മണിക്കൂറോളം ഭീഷണിപ്പെടുത്തുകയും ചെയ്തു. ആധാർകാർഡും അക്കൗണ്ട് നമ്പറുമെല്ലാം ചോദിച്ചായിരുന്നു അടുത്ത വിരട്ടൽ
എല്ലാം തമാശയോടെ കേട്ടിരുന്ന അശ്വഘോഷ് ഒടുവിൽ തിരിച്ച് പണി കൊടുത്തു. അഭിഭാഷകരും ഡോക്ടർമാരും വൈദികരും പൊലീസുകാര്യം തുടങ്ങി വിദ്യാസമ്പന്നരടക്കം ഒട്ടേറേ പേർ ദിനംപ്രതി വീഴുന്ന കെണിയാണ് ഈ 18 കാരൻ പൊട്ടിച്ചെറിഞ്ഞത്. ഇന്ത്യയിലെ ഒരു പൊലിസുകാരനും ഫോണിലൂടെ അറസ്റ്റ് ചെയ്യില്ലന്ന തിരിച്ചറിവും ആത്മവിശ്വാസവും മാത്രം മതി തട്ടിപ്പുകാരെ തോൽപ്പിക്കാനെന്നാണ് അശ്വഘോഷ് നൽകുന്ന അനുഭവപാഠം