ഡൽഹി പോലിസ് ചമഞ്ഞ് വെർച്ച്വൽ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ കേസിൽ രണ്ട് മലയാളികൾ കൊച്ചിയിൽ പിടിയിൽ. രാജ്യത്തെ വെർച്ച്വൽ അറസ്റ്റ് തട്ടിപ്പിൽ കൊടുവള്ളി കേന്ദ്രകരിച്ച് യുവാക്കളുടെ വന്‍ സംഘം കണ്ണികളാണെന്ന് കണ്ടെത്തി. തട്ടിയെടുക്കുന്ന പണം വിദ്യാർഥികളുടെ പേരില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് സൈബര്‍ മാഫിയ കമ്മിഷന്‍ നല്‍കി കൈക്കലാക്കുന്നത്.
രാജ്യവ്യാപകമായി ആയിരകണക്കിനാളുകളെ വഞ്ചിച്ച് പണം തട്ടുന്ന സൈബര്‍ ക്രിമിനല്‍ മാഫിയക്ക് കേരളത്തിലും ആഴത്തില്‍ വേരുകളുണ്ടെന്ന് വ്യക്തമാക്കുകയാണ് കൊച്ചി സിറ്റി സൈബർ പോലീസിന്‍റെ അന്വേഷണം. കാക്കനാട് സ്വദേശിനിയെ വെര്‍ച്വല്‍ അറസ്റ്റ് നടത്തി തട്ടിപ്പ് നടത്തിയ കേസിന്‍റെ അന്വേഷണത്തിലാണ് നിര്‍ണായക വഴിത്തിരിവ്. പണം കടന്നുപോയ അക്കൗണ്ടുകളെ പിന്തുടര്‍ന്ന അന്വേഷണം ചെന്നു നിന്നത് മലപ്പുറം സ്വദേശി മുഹമ്മദ് മുഹസിൽ, കോഴിക്കോട് സ്വദേശി മിഷാപ് എന്നിവരില്‍. കാക്കനാട് സ്വദേശിനിയില്‍ നിന്ന് തട്ടിയെടുത്ത നാല് കോടി പതിനൊന്ന് ലക്ഷം രൂപ 650 അക്കൗണ്ടുകളിലൂടെയാണ് മണിക്കൂറുകള്‍ക്കകം മറഞ്ഞു പോയത്. ഈ തുകയില്‍ വലിയ പങ്കെത്തിയത് മലപ്പുറം ജില്ലയിലാണെന്ന് കണ്ടെത്തി. പണമെത്തിയ അന്‍പതിലേറെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് മുഹസിലും മിഷാപ്പുമാണ്.
ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ഇരുവരും പെട്ടെന്ന് പണമുണ്ടാക്കാന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു ഇത്. തട്ടിപ്പ് സംഘത്തിന് പണം കടന്നുപോകാനുള്ള അക്കൗണ്ടുകള്‍ തരപ്പെടുത്തി നല്‍കുകയാണ് ഇവരുടെ ഒരു ദൗത്യം. സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും പേരില്‍ വിവിധ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുറന്ന് അത് പണം നല്‍കി കൈവശപ്പെടുത്തും. ഈ വിവരങ്ങള്‍ സൈബര്‍ മാഫിയക്ക് കൈമാറുന്നതോടെ ലഭിക്കുന്ന കമ്മിഷന്‍ ഒരു വരുമാനം. ഈ അക്കൗണ്ടിലേക്കാണ് തട്ടിയെടുക്കുന്ന കോടികള്‍ ലക്ഷങ്ങളായും പതിനായിരങ്ങളായും വിഭജിച്ച് എത്തുന്നത്. അക്കൗണ്ടിലെത്തുന്ന പണം എടിഎമ്മിലെത്തി പിന്‍വലിച്ച് പറയുന്ന സ്ഥലത്ത് എത്തിച്ചു നല്‍കണം. അതിനും നിശ്ചിത തുക കമ്മിഷന്‍ ലഭിക്കും. ആറ് മാസത്തിനിടെ ഇവരുടെ കൈവശമുള്ള അക്കൗണ്ടുകളിലൂടെ ഇത്തരത്തില്‍ നടന്നത് കോടികളുടെ ഇടപാടുകളാണ്. ഒരു ബിസിനസ് എന്ന രീതിയിലാണ് കൊടുവള്ളി മേഖലയില്‍ യുവാക്കള്‍ സൈബര്‍ തട്ടിപ്പിന്‍റെ കണ്ണികളാകുന്നത്. ആഡംബര ജീവിതം നയിക്കാന്‍ മറ്റുള്ളവരെ പോലെ ഞങ്ങളും ഒരു ബിസിനസ് ചെയ്യുന്നുവെന്നായിരുന്നു പൊലീസിന് പ്രതികള്‍ നല്‍കിയ മൊഴി.
ഇവരുടെ കയ്യില്‍ നിന്ന് ഒന്നരലക്ഷം രൂപയും ആഡംബരകാറും പൊലീസ് പിടിച്ചെടുത്തു. ഇവരെ നിയന്ത്രിച്ചിരുന്ന മലയാളിയായ യുവാവിനെയും സിറ്റി സൈബര്‍ പൊലീസ് കണ്ടെത്തി. അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുന്ന പണം കള്ളപ്പണമിടപാടുകള്‍ സ്വര്‍ണക്കടത്ത് എന്നിവയ്ക്കായി ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. വിദേശത്തിരുന്നും അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നുണ്ടെന്നാണ് സൂചന. സൈബര്‍ തട്ടിപ്പിന് പിന്നിലുള്ള ഉത്തരേന്ത്യന്‍ ലോബിക്കൊപ്പം മലയാളികളുടെ പങ്കും വ്യക്തമാക്കുന്നതാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസിന്‍റെ അന്വേണം. സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദേശപ്രകാരം സൈബര്‍ എസിപി എം.കെ. മുരളിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ഇന്‍സ്പെക്ടര്‍ പി.ആര്‍. സന്തോഷ്, എഎസ്ഐ ശ്യാംകുമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.