പത്തനംതിട്ട കുഴിക്കാലയിൽ സിബിഐ ചമഞ്ഞ് മുൻപ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്റെ 45 ലക്ഷം രൂപ തട്ടിയെടുത്തു. കുഴിക്കാല സ്വദേശി 83 വയസ്സുള്ള കെ.തോമസിന്റെ പണമാണ് വാട്സാപ് കോൾ വഴി കബളിപ്പിച്ചു തട്ടിയെടുത്തത്. അക്കൗണ്ടിലുള്ളത് അനധികൃത പണം ആണെന്നു സംശയിക്കുന്നതായും, പരിശോധനയ്ക്കുശേഷം തിരികെ നൽകാമെന്നുമായിരുന്നു തട്ടിപ്പുകാർ പറഞ്ഞത്.
2001ൽ ജോലിയിൽ നിന്ന് വിരമിച്ച തോമസ് ഭാര്യയുടെ മരണശേഷം ഒറ്റയ്ക്കാണ് താമസം. ഏക മകൻ വിദേശത്താണ്. ഈ പഴുതുകൂടി മുതലാക്കിയായിരുന്നു തട്ടിപ്പ്. അക്കൗണ്ടിൽ എത്തിയിട്ടുള്ള പണം അനധികൃതം ആണെന്ന് സംശയിക്കുന്നതായും സ്രോതസ് കാണിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. പണം അക്കൗണ്ടിൽ നിക്ഷേപിക്കാനും പരിശോധിച്ച് തിരികെ നൽകാമെന്നും സംഘം പറഞ്ഞു. ഭയന്ന തോമസ് ഈ മാസം ഇരുപതാം തീയതിയാണ് ആദ്യഗഡുമായി 10 ലക്ഷം രൂപ കൈമാറിയത്. ഇരുപത്തിമൂന്നാം തീയതി സ്ഥിരനിക്ഷേപം പിൻവലിച്ചു 35 ലക്ഷവും ബാങ്കിൽ നിന്ന് സംഘം നൽകിയ അക്കൗണ്ടിലേക്ക് നൽകി.
45 ലക്ഷം നൽകിയ ശേഷവും വീണ്ടും സംഘം ഭീഷണി തുടർന്നു. ഷെയറുകളിൽ നിക്ഷേപിച്ചിട്ടുള്ള പണം കൂടി ആവശ്യപ്പെട്ടു. വലിയ തുക കൈമാറിയതിൽ സംശയം തോന്നിയ ബാങ്ക് മാനേജരാണ് അടുത്ത ബന്ധുവിനെ വിവരമറിയിച്ചത്. തുടർന്നാണ് പത്തനംതിട്ട സൈബർ പൊലീസിൽ പരാതി നൽകിയത്. സൈബർ പോലീസ് അന്വേഷണം തുടങ്ങി.