ചേർത്തലയിലെ ഡോക്‌ടർ ദമ്പതികളിൽ നിന്ന് 7.65 കോടി രൂപ ഓൺലൈനായി തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ രണ്ട് തായ്‍വാന്‍ സ്വദേശികളും ജാർഖണ്ഡുകാരനും അടക്കം മൂന്ന് പേരെ കസ്റ്റഡിയിൽ വാങ്ങി. ഇവരിൽ മാർക്കോ എന്ന് വിളിപ്പേരുള്ള തായ്‌വാന്‍ സ്വദേശി യു.എസിൽ ഉന്നതപഠനം നടത്തിയ ആളാണ്. അഞ്ചുദിവസത്തേക്കാണ് ചോദ്യം ചെയ്യലിന് ഇവരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.
പഴുതൊന്നു ശേഷിക്കാതെ സൈബർ തട്ടിപ്പ് നടത്തുന്നതിൽ വിദഗ്ദരാണ് കസ്റ്റഡിയിൽ വാങ്ങിയ രണ്ട് തായ്‌വാൻ സ്വദേശികളും. തട്ടിപ്പ് സംഘത്തിലെ ഐടി. വിഭാഗം കൈകാര്യം ചെയ്യുന്നവരാണ് ഇരുവരും. മാർക്ക് എന്ന് വിളിക്കുന്ന സുങ് മു ചി,മാർക്കോ എന്ന് വിളിപ്പേരുള്ള ചാങ് ഹോ യുൻ , ജാർഖണ്ഡ് സ്വദേശി സെയ്ഫ് ഹൈദർ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സംഘം ഗുജറാത്തിൽ നിന്ന് ആലപ്പുഴയിൽ എത്തിച്ചത്.
യു.എസിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ആളാണ് മാർക്കോ. പഠനത്തിന് ശേഷം തായ്‌വാനിൽ തിരിച്ചെത്തിയ ശേഷമാണ് ഇന്ത്യയിലേക്കു വരുന്നത്. തട്ടിപ്പിനായി വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക് സൃഷ്ടിക്കലായിരുന്നു മാർക്കിന്റെ ജോലി. സെയ്ഫ് ഹൈദർ കംപ്യൂട്ടർ ഹാർഡ്‌വെയർ വിദഗ്ദ്ധനാണ്. സ്വന്തമായി സോഫ്റ്റ് വെയറുകൾ ഉണ്ടാക്കി ഇടപാടു കാരുടെ ഒടിപി വരെ ചോർത്തും. സെയ്ഫ് ഹൈദറിനെ ഉപയോഗിച്ചാണ് ഇന്ത്യൻ ഇടപാടുകാരുമായി ബന്ധപ്പെടുന്നത്.
ഗുജറാത്തിനു പുറമേ വിശാഖപട്ടണത്തും ഇവർക്കെതിരെ സൈബർ തട്ടിപ്പു കേസുണ്ട് വിശാഖപട്ടണത്തെ ജയിലിൽ ഒരു മാസത്തോളം റിമാൻഡിലായിരുന്നു മൂന്നു പേരും .
റിമാൻഡ് കാലാവധി കഴിഞ്ഞ് ഗുജറാത്തിലെസബർമതി ജയിലിൽ തിരികെ എത്തിച്ചപ്പോഴാണ് ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘമെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. ചേർത്തലയിലെ ഡോക്‌ടർ ദമ്പതികളിൽ നിന്ന് 7.65 കോടി രൂപ ഓൺലൈനായി തട്ടിയെടുത്ത കേസിലാണ് ഇരുവരും കസ്റ്റഡിയിലായത്.
ഈ കേസിലുൾപ്പെട്ട തയ്‌വാൻകാരായ വാങ് ചുൻ വെയ്, ഷെൻ വെയ് ഹോ എന്നിവരെ നേരത്തെ ആലപ്പുഴയിൽ എത്തിച്ചു ചോദ്യം ചെയ്തിരുന്നു. രണ്ടു തയ്‌വാൻകാർക്കു കൂടി തട്ടിപ്പിൽ ബന്ധമുണ്ടെന്നു ചോദ്യം ചെയ്യലിൽ വ്യക്തമായി. കേസിൽ ആദ്യം പിടിയിലായ കോഴിക്കോട്ടുകാരായ പ്രതികളിൽനിന്നു ലഭിച്ച സൂചനകളിലൂടെയാണ് അന്വേഷണം തയ്‌വാൻ സ്വദേശികളിലെത്തിയത്.