ചേർത്തലയില്‍ വ്യാപാരിയെ കബളിപ്പിച്ച് വെർച്വൽ അറസ്റ്റിലൂടെ 61.40 ലക്ഷം രൂപ തട്ടിയ കേസിൽ നേപ്പാൾ സ്വദേശികള്‍ പിടിയില്‍. നേപ്പാളിലെ മൊറാംഗ് ജില്ലയിലെ പ്രിൻസ്‌ദേവ് (24), അജിത്ത് ഖഡ്ക (26) എന്നിവരെയാണ് നേപ്പാളിലെത്തി പിടികൂടിയത്. അരൂർ എസ്.ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേപ്പാളില്‍ പോയി പ്രതികളെ കുടുക്കിയത്.
പ്രിൻസ്‌ദേവിനെയും അജിത്ത് ഖഡ്കയെയും ചേർത്തലയിലെത്തിച്ച് ചോദ്യം ചെയ്തു വരുകയാണ്. ഉടന്‍ ഇവരെ കോടതിയിൽ ഹാജരാക്കും. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശികളായ മറ്റ് രണ്ടു പ്രതികളെ ചേർത്തല എസ്.ഐ പി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തതായും സൂചനയുണ്ട്.
2024 ജൂണിലാണ് വ്യാപാരിയായ പുല്ലൂരിത്തികരി വീട്ടിൽ റോയ് പി ആന്റണിയെ വെർച്വൽ അറസ്റ്റ് ചെയ്ത് പണംതട്ടിയത്. മുബൈയ് പൊലീസ് ഉദ്യോഗസ്ഥർ, ടെലിഫോൺ റെഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത് എന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. കേസില്‍ 11ല്‍ അധികം പ്രതികളെയാണ് ചേർത്തല പൊലീസ് ഇതിനകം വലയിലാക്കിയത്.