nun-whatsapp-hack-fraud-mundakayam

മുണ്ടക്കയം ഇഞ്ചിയാനിയിൽ  കന്യാസ്ത്രീയുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. ഹാക്ക് ചെയ്യപ്പെട്ട വാട്സാപ്പിൽ നിന്ന് സൈബർ കുറ്റവാളികൾ പലരോടും പണം ആവശ്യപ്പെടുകയും കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. പണം അയച്ചു നൽകിയവർ പിന്നീട് സംശയം തോന്നി കന്യാസ്ത്രീയുടെ ഫോണിലേക്ക് വിളിച്ചതോടെയാണ് തട്ടിപ്പ് ശ്രദ്ധയിൽപ്പെടുകയും പരാതിപ്പെടുകയും ചെയ്തത്.

മുണ്ടക്കയം ഇഞ്ചിയാനിയിലുള്ള ഒരു പള്ളിയോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു കന്യാസ്ത്രീയുടെ വാട്സാപ്പ് നമ്പർ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടന്നുവരുന്നത്. മതപരമായ ചടങ്ങിൽ പങ്കെടുക്കാനുള്ളതെന്ന പേരിൽ ഫോണിലേക്ക് അയച്ചു കിട്ടിയ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ  തട്ടിപ്പുകാർക്ക് ഫോണിലെ വാട്സാപ്പിന്റെയും കോൺടാക്ടുകളുടെയും ആക്സസ് കിട്ടി. പിന്നാലെ ഇടവകാംഗങ്ങളിൽ പലരിൽ നിന്നായി പണം തട്ടി.

പലരും പരാതിക്കാരിയെ  നേരിട്ട് ബന്ധപ്പെട്ടതോടെയാണ് ഫോൺ ഹാക്ക് ചെയ്ത വിവരവും തട്ടിപ്പും അറിയുന്നത്. തുടർന്ന് മുണ്ടക്കയം പൊലീസിലും, സൈബർ സെല്ലിലും പരാതി നൽകി. എന്നാൽ ഇപ്പോഴും പലർക്കും പണം ആവശ്യപ്പെട്ട് മെസ്സേജ് വരുന്നുണ്ട്. നിരവധി പേർക്കാണ് പണം നഷ്ടമായത് ഏകദേശം ഒന്നരലക്ഷത്തോളം രൂപ സംഘം കൈക്കലാക്കിയതായാണ് വിവരം. ഇതിനിടെ ഇടവകാംഗങ്ങളായ കൂടുതൽ പേരുടെ വാട്സാപ്പുകളും ഹാക്ക് ചെയ്യപ്പെട്ടതായി സംശയമുണ്ട്.

ENGLISH SUMMARY:

In a shocking cybercrime incident from Mundakayam, Kerala, a nun's WhatsApp account was hacked, leading to a fraudulent scam worth over ₹1.5 lakh. The hack occurred after she clicked a link received under the guise of a religious event. The scammers gained access to her contacts and began sending money requests to parish members, some of whom transferred money before realizing the fraud. Multiple complaints have been filed with the police and cyber cell, and there are fears that more WhatsApp accounts linked to the parish may also have been compromised.