highrich-case

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെയും, ഒടിടിയിടപാടുകളുടെയും പേരില്‍ ഹൈറിച്ച് ഉടമകളും ഡീലര്‍മാരും തട്ടിയെടുത്ത കോടികള്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങളാക്കി വിദേശത്തേക്ക് കടത്തിയതായി ഇഡിയുടെ കണ്ടെത്തല്‍. കമ്പനി എംഡി കെ.ഡി. പ്രതാപന്റെയു ഭാര്യ ശ്രീന പ്രതാപന്റെയും സ്വകാര്യ വാലറ്റുകളിലേക്ക് ഇവ മാറ്റി നിക്ഷേപിച്ചതിന്റെ രേഖകളും ഇഡി കണ്ടെത്തി. പ്രതാപന്‍ അറസ്റ്റിലായതിന് പിന്നാലെ കള്ളപ്പണമിടപാടുകളില്‍ മുഖ്യപങ്കാളികളായി കോടികള്‍ സമ്പാദിച്ച ഒരു ഡസനിലേറെ ഡീലര്‍മാരെയും കുരുക്കാനൊരുങ്ങി ഇഡി

 

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ പേരില്‍ തുടങ്ങിയ തട്ടിപ്പാണ് മണിച്ചെയിനും ഒടിടിയും കടന്ന് ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ എത്തിയത്. പുതിയൊരംഗത്തില്‍ നിന്ന് എണ്ണൂറു രൂപ വാങ്ങിയായിരുന്നു തട്ടിപ്പുകളുടെ തുടക്കം. ഈ അംഗം രണ്ട് പേരെ കൂടി ചേര്‍ത്തിയാല്‍ 100രൂപ വീതം കമ്മിഷന്‍. 1600 രൂപ കമ്പനിക്ക് വന്നാല്‍ അംഗത്തിന്റെ പോക്കറ്റില്‍ ഇരുനൂറ് രൂപ. അങ്ങനെ ഓരോ അംഗങ്ങള്‍ കൂടുന്നതിനനുസരിച്ച് നൂറു രൂപവീതം അംഗത്തിന്് കമ്മിഷന്‍ എന്ന വാഗ്ദാനം നൽകി പദ്ധതിയിലേക്ക് ആകർഷിച്ചത് സാധാരണകാരടക്കം ആയിരങ്ങളെ. ഇങ്ങനെ പത്ത് റൗണ്ട് പിന്നിട്ടാല്‍ അംഗങ്ങളുടെ എണ്ണം 2046ല്‍ എത്തും. അപ്പോള്‍ ആദ്യം 800 രൂപയിട്ട അംഗത്തിന് ലഭിക്കുന്നത് രണ്ട് ലക്ഷത്തിലേറെ രൂപ. കമ്പനിയുടെ വാഗ്ദാനം വിശ്വസിച്ചാല്‍ 30റൗണ്ട് പിന്നിടുമ്പോള്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ഹൈറിച്ചിലെ അംഗങ്ങളാകേണ്ടതാണ്. 

തട്ടിപ്പിൽ കുരുങ്ങി 88ശതമാനം നിക്ഷേപകര്‍ക്കാണ് പണം നഷ്ടമായത്. ചുരുങ്ങിയത് 1160കോടി രൂപയെങ്കിലും തട്ടിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പദ്ധതിയിൽ അംഗങ്ങളായ മിച്ചമുള്ള പന്ത്രണ്ട് ശതമാനം ആളുകളുടെ പോക്കറ്റിലാണ് ഈ പണമത്രയും വന്ന് നിറഞ്ഞത്. എംഡി കെ.ഡി. പ്രതാപനും കൂട്ടാളികളായ ലീഡര്‍മാരുമാണ് ഈ 12 ശതമാനം. തട്ടിയെടുത്ത പണമാണ് ആഡംബര ജീവിതത്തിനും ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങളായും സ്വത്തുക്കളായും ആഡംബര കാറുകളായും പരിണമിച്ചു. മക്കളുടെയും മറ്റ് ബന്ധുക്കളുടെ പേരിലെടക്കം പലർക്കും വൻ നിക്ഷേപങ്ങളുണ്ട്. മണിചെയ്യിന് പുറമെയായിരുന്നു എച്ച് ആര്‍ ക്രിപ്‌റ്റോ തട്ടിപ്പ്. ഇങ്ങനെയൊരു കറന്‍സി ഉപയോഗിച്ച് ഒരു എക്‌സ്‌ചേഞ്ചിലും ഇതുവരെ ഇടപാടുകള്‍പോലും നടന്നിട്ടില്ല. സംസ്ഥാനത്തിന് അകത്തും പുറത്തും രണ്ട്ഘട്ടങ്ങളിലായി നടത്തിയ റെയ്ഡില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ഇഡി ശേഖരിച്ചു. അന്വേഷണത്തോട് ഒരുതരത്തിലും സഹകരിക്കാതെ അന്വേഷണത്തെ വഴിതെറ്റിക്കാനായിരുന്നു പ്രതാപന്റെയും ഭാര്യയുടെയും ശ്രമം. ഇതോടെയാണ് അറസ്റ്റ് അനിവാര്യമായി തീർന്നത്. കേസുമായി ബന്ധപ്പെട്ട് 260കോടിയുടെ സ്വത്തുക്കളും അക്കൗണ്ടുകളും ഇഡി ഇതിനോടകം മരവിപ്പിച്ചു.

ENGLISH SUMMARY:

High-rich owners smuggled crores as crypto currency investments to abroad.