vandithavalam-arrest

TOPICS COVERED

പാലക്കാട് വണ്ടിത്താവളത്ത് അനധികൃത വട്ടിപ്പലിശ ഇടപാട് നടത്തിയതിന് യുവാവ് അറസ്റ്റില്‍. പെരുമാട്ടി ആറ്റാഞ്ചേരി സ്വദേശി ഷാജിയെയാണ്  മീനാക്ഷിപുരം പൊലീസ് പിടികൂടിയത്. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ നിരോധിത പാന്‍മസാല ശേഖരം സൂക്ഷിച്ചതിന് ഷാജിയുടെ സഹോദരന്‍ ശിവദാസിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

 

ആറ്റാഞ്ചേരിയിൽ വീടിനോട് ചേർന്നു പലചരക്ക് കട നടത്തുന്ന ഷാജി നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്‍ക്കുന്നതായി ലഹരി വിരുദ്ധ സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതെത്തുടര്‍ന്ന് കടയില്‍ നടത്തിയ പരിശോധനയിലാണ് സാധനങ്ങൾക്കിടയിൽ പണവും, സ്വർണവും കണ്ടെത്തിയത്. മീനാക്ഷിപുരം ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള വിശദ പരിശോധനയിലാണ് ഷാജി പിടിയിലായത്. പണമിടപാട് നടത്താനുള്ള ലൈസന്‍സില്ലാതെ വാഹനങ്ങൾ, സ്വർണ്ണാഭരണങ്ങൾ, മൊബൈൽ ഫോണുകൾ മുദ്രപ്പത്രങ്ങള്‍ തുടങ്ങി ഈടായി വാങ്ങി പണം പലിശയ്ക്ക് നല്‍കിയിരുന്നതായി തെളിഞ്ഞു. 

ഏഴ് ലക്ഷത്തി പത്തൊന്‍പതിനായിരം രൂപ, രണ്ട് മുദ്രപ്പത്രം, 58 ഇരുചക്രവാഹനങ്ങള്‍, നാല് കാറുകള്‍, അഞ്ച് ഓട്ടോറിക്ഷ, എഴുപത് കവറുകളിലായി സൂക്ഷിച്ച ചെറുതും വലുതുമായ സ്വര്‍ണാഭരണങ്ങള്‍, ഇരുപത്തി എട്ട് മൊബൈല്‍ ഫോണുകള്‍, ഒരു ലാപ്ടോപ്പ്, അര ചാക്കിലേറെ വരുന്ന നിരോധിത പാന്‍മസാല എന്നിവയാണ് ഷാജിയുടെ വീട്ടിലും, വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തും കടയിലുമായി കണ്ടെത്തിയത്. മതിയായ രേഖകളോ ലൈസൻസോ ഇല്ലാതെ അനധികൃത പണമിടപാടു നടത്തിയതിനും നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിനുമാണ് ഷാജിക്കെതിരെ കേസെടുത്തത്. ഷാജിയുടെ സഹോദരനായ ശിവദാസിന്റെ വീ‌ടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് കണ്ടെത്തിയത്. ഈ കേസില്‍ ശിവദാസന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

illegal financial deal; young arrested