AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം

  • സൈബര്‍ തട്ടിപ്പിലൂടെ കടത്തിയത് 17000 കോടി
  • സൈബര്‍ കുറ്റവാളികള്‍ക്കെതിരെ പിടിമുറുക്കി കേന്ദ്രം
  • 4.5 ലക്ഷം ‘മ്യൂള്‍’ അക്കൗണ്ടുകള്‍ പൂട്ടി

സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്തുകിട്ടുന്ന പണം നിക്ഷേപിക്കുന്ന നാലരലക്ഷം ‘മ്യൂള്‍’ അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രം. ഇതില്‍ നാല്‍പ്പതിനായിരവും എസ്.ബി.ഐയില്‍. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ പതിനായിരം, കാനറ ബാങ്കില്‍ ഏഴായിരം, കോടക് മഹീന്ദ്ര ബാങ്കില്‍ ആറായിരം എയര്‍ടെല്‍ പേയ്മെന്‍റ്സ് ബാങ്കില്‍ അയ്യായിരം...ഇങ്ങനെ നീളുന്നു പൂട്ടിയ അക്കൗണ്ടുകളുടെ എണ്ണം. സൈബര്‍ തട്ടിപ്പുകള്‍ വഴി ലഭിക്കുന്ന പണം ഈ അക്കൗണ്ടുകളിലെത്തിച്ച് ചെക്ക്, എടിഎം, ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ പിന്‍വലിക്കുകയാണ് കുറ്റവാളികള്‍ ചെയ്യുന്നത്.

2023 ജനുവരി മുതല്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ മാത്രം ഒരുലക്ഷത്തിലേറെ പരാതികളാണ് ലഭിച്ചതെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്‍റര്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സൈബര്‍ തട്ടിപ്പുകള്‍ നേരിടുന്നതിനായി കേന്ദ്രം നിയോഗിച്ച ഉന്നതതല സമിതി ബാങ്കിങ് സംവിധാനങ്ങളിലെ ഒട്ടേറെ ന്യൂനതകള്‍ കണ്ടെത്തിയെന്നും സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സെന്‍റര്‍ അധികൃതര്‍ അറിയിച്ചു.

ബാങ്ക് വഴിയുള്ള സൈബര്‍ പണം തട്ടിപ്പുകളില്‍ ബാങ്ക് ജീവനക്കാരുടെയും മാനേജര്‍മാര്‍ അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും പങ്കിനെക്കുറിച്ച് വിശദമായി അന്വേഷിക്കും. റിസര്‍ബാങ്ക് അധികൃതരോടും കേന്ദ്രധനവകുപ്പിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്‍റ് അധികൃതരോടും മുന്‍കരുതലുകള്‍ ശക്തിപ്പെടുത്താന്‍ പി.എം.ഒ നിര്‍ദേശം നല്‍കി. 

AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം

‘മ്യൂള്‍’ അക്കൗണ്ട്

കുറ്റകൃത്യങ്ങള്‍ വഴി ലഭിക്കുന്ന പണം കുറ്റവാളിയില്‍ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റാന്‍ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളാണ് മ്യൂള്‍ അക്കൗണ്ടുകള്‍. ഒരു ഇടനിലക്കാരന്‍റെ റോളാണ് ഈ അക്കൗണ്ടുകള്‍ക്ക് ഉണ്ടാകുക. മറ്റൊരാളുടെ കെ.വൈ.സി രേഖകള്‍ ഉപയോഗിച്ചാകും ഈ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുക. ഏറെക്കാലമായി നിലനില്‍ക്കുന്നവയായിരിക്കും പല മ്യൂള്‍ അക്കൗണ്ടുകളും. കുറ്റകൃത്യം വഴി ലഭിക്കുന്ന പണം ഈ അക്കൗണ്ടിലെത്തും. അതില്‍ നിന്ന് എടിഎം വഴിയോ ചെക്ക് വഴിയോ ഡിജിറ്റല്‍ ഇടപാട് വഴിയോ ഉദ്ദേശിക്കുന്ന ഫണ്ടിലേക്കോ മറ്റ് സംവിധാനങ്ങളിലേക്കോ പണം മാറ്റും. മ്യൂള്‍ എന്നാല്‍ കോവര്‍ കഴുത എന്നാണര്‍ഥം. കുതിരയും കഴുതയും ചേര്‍ന്നുള്ള സങ്കര ഇനം. അതുതന്നെയാണ് ഇത്തരം അക്കൗണ്ടുകളുടെ സ്വഭാവവും. 

AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം

ENGLISH SUMMARY:

The Indian government has frozen 450,000 "mule" bank accounts used for cyber fraud, blocking transactions worth INR 17,000 crore. Among these, 40,000 are with SBI, 10,000 with Punjab National Bank, and thousands more across several other banks. Criminals funnel illicit cyber funds into these accounts to withdraw money through checks, ATMs, and digital methods. The PMO has directed high-level committees to investigate security gaps in banking and enhance preventive measures, with warnings issued to state police forces to remain vigilant against cyber fraud.