TOPICS COVERED

യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ അമ്മയും മകളും ഉൾപ്പടെ മൂന്ന് പ്രതികളെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. യു.കെയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

പെരുമ്പുഴ സ്വദേശി അനിതാകുമാരി, മകൾ അശ്വതി, അരിനല്ലൂർ സ്വദേശി ബാലു ജി.നാഥ് എന്നിവരാണ് പിടിയിലായത്. കേസിലെ രണ്ടാം പ്രതിയായ വേണുവിനായുള്ള തിരച്ചിൽ തുടരുകയാണ്. എട്ടര ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 ആഗസ്റ്റ് വരെയുള്ള കാലയളവിൽ നീണ്ടകര സ്വദേശിയായ യുവാവിനും ബന്ധുക്കൾക്കുമാണ് പണം നഷ്ടമായത്. യുകെയിലേക്ക് വീസ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രതികൾ പണം കൈക്കലാക്കി ചതിച്ചെന്നാണ് പരാതി. ബാലുവും അശ്വതിയും ചേർന്ന് കൊല്ലം താലൂക്ക് ജംക്ഷനിൽ നടത്തി വന്ന വിദേശ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. 

വീസ ലഭിക്കാത്തവർ സ്ഥാപനത്തെ സമീപിച്ചെങ്കിലും പണം തിരികെ നൽകാൻ പ്രതികൾ തയ്യാറായില്ല. തുടർന്ന് ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒളിവിലായിരുന്ന പ്രതികളെ  തിരുവനന്തപുരം കല്ലമ്പലത്തു നിന്നാണ് പിടികൂടിയത്.

Offered jobs in the UK; cheated out of eight lakh rupees: