തിരുവനന്തപുരം മുണ്ടേല രാജീവ്ഗാന്ധി സഹകരണസംഘം പ്രസിഡന്റ് മുണ്ടേല മോഹനന്റെ ആത്മഹത്യക്ക് കാരണം സി.പി.എം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിയെന്ന് കുടുംബം. ശശിയടക്കം ആറ് പേരെ മരണത്തിന് ഉത്തരവാദികളായി ചൂണ്ടിക്കാണിച്ചിരിക്കുന്ന ആത്മഹത്യാകുറിപ്പ് കുടുംബം പുറത്തുവിട്ടു. തിരഞ്ഞെടുപ്പിന് േവണ്ടി കോടികള്‍ വായപയെടുപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചെന്നും ആത്മഹത്യാകുറിപ്പില്‍ വിമര്‍ശനം.
സഹകരണസംഘത്തിനെതിരെ 34 കോടിയുടെ ക്രമക്കേട് ആരോപണം ഉയരുകയും 31 കേസുകളെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രസിഡന്റായിരുന്ന മോഹനന്‍ തൂങ്ങിമരിച്ചത്. വെള്ളനാട് ശശിയും സഹകരണസംഘത്തിലെ ജീവനക്കാരുമടക്കം ആറ് പേരെയാണ് മരണത്തിന് ഉത്തരവാദികളായി ആത്മഹത്യാകുറിപ്പില്‍ മോഹനന്‍ കുറ്റപ്പെടുത്തുന്നത്. ഒന്നര വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലെത്തുകയും രണ്ട് മാസം മുന്‍പ് ജില്ലാ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തയാളാണ് വെള്ളനാട് ശശി. സി.പി.എമ്മിലേ്ക്ക് കൂടെ പോകാതിരുന്നതിന്റെ വൈരാഗ്യത്തിലാണ് ഉപദ്രവം തുടങ്ങിയതെന്ന് മക്കള്‍ ആരോപിക്കുന്നു.
സഹകരണസംഘം വന്‍ നഷ്ടത്തിലെന്ന കള്ളക്കഥ ശശി പ്രചരിപ്പിച്ചു. നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായി. താനും ഭാര്യയും അധ്വാനിച്ചുണ്ടാക്കിയ സ്വത്ത് മുഴുവന്‍ കടത്തിലായെന്നും കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.
കോണ്‍ഗ്രസിനെതിരെയും ആരോപണമുണ്ട്. തിരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടിക്ക് വേണ്ടി പലരുടെയും പേരുകളില്‍ സംഘത്തില്‍ നിന്ന് കോടികള്‍ വായ്പയെടുപ്പിച്ചു. അതില്‍ 80 ശതമാനം സ്വത്ത് വിറ്റാണ് തിരിച്ചടച്ചത്. 25 വര്‍ഷത്തോളം തന്നെ ഉപയോഗിച്ച നേതാക്കളെല്ലാം ആപത്ത് വന്നപ്പോള്‍ കടന്നുകളഞ്ഞെന്നുമാണ് കുറിപ്പിലുള്ളത്. വിശദ അന്വേഷണത്തിന് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കും.