scam

വ്യാജ പ്രൊഫൈലുണ്ടാക്കി  സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പണം തട്ടുന്നത് തുടർക്കഥയാവുകയാണ്. ഇത്തരം വാര്‍ത്തകൾ പുതുമയല്ലാത്ത അവസ്ഥയായി. ഏറ്റവുമൊടുവിൽ രാഷ്ട്രപതിയുടെ മറവിലും പണം തട്ടാൻ നീക്കം. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ പ്രൊഫൈല്‍ എന്ന വ്യാജേന പണം തട്ടാനെത്തിയവര്‍ക്കു മുന്നില്‍ അല്‍പം ബുദ്ധിയുപയോഗിച്ചതുകൊണ്ട് യുവാവ് രക്ഷപ്പെട്ടു.

ഒറ്റ നോട്ടത്തില്‍‌ രാഷ്ട്രപതിയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആണെന്ന് തോന്നിക്കുന്ന അക്കൗണ്ടില്‍ നിന്ന് ജാര്‍ഖണ്ഡിലെ ഹസാരിബാദിലുള്ള മൻതു സോണി എന്നയാള്‍ക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു. റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തതിന് പിന്നാലെ ‘ജയ് ഹിന്ദ്, സുഖമാണോ?’ എന്നൊരു സന്ദേശവുമെത്തി. ഞാന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് വളരെ കുറവാണ്, വാട്സാപ്പ് നമ്പര്‍ തരൂ എന്ന് മറ്റൊരു സന്ദേശവും പിന്നാലെ എത്തി. ഇതോടെ യുവാവ് തന്‍റെ ഫോണ്‍ നമ്പര്‍ നല്‍കി.

കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം മൻതുവിന് മറ്റൊരു സന്ദേശം കൂടിയെത്തി. നിങ്ങളുടെ നമ്പര്‍ ഞങ്ങള്‍ സേവ് ചെയ്തിട്ടുണ്ട്. വാട്സാപ്പിലേക്ക് ഒരു കോഡ് അയച്ചിട്ടുണ്ട്. ആറക്കമുള്ള കോഡ് എത്രയും വേഗം അയച്ചുതരൂ എന്നായിരുന്നു സന്ദേശം. ഇതോടെ പന്തികേട് തോന്നിയ യുവാവ് മറുപടി നല്‍കിയില്ല. പകരം എക്സില്‍ ഒരു പോസ്റ്റിട്ടു. മെസഞ്ചറില്‍ തനിക്ക് ലഭിച്ച സന്ദേശങ്ങളടക്കം പങ്കുവച്ചുകൊണ്ട്, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ടാഗ് ചെയ്തായിരുന്നു ആ പോസ്റ്റ്. ഇതോടെ മെസേജുകൾ നിലച്ചു. സംഭവത്തില്‍ റാഞ്ചി പൊലീസ് അന്വേഷണം ഏറ്റെടുത്തു.

ENGLISH SUMMARY:

Scammers create fake Facebook profile of President Droupadi Murmu, target Ranchi resident. Facebook user received a friend request from an account that appeared to belong to the President, featuring her profile picture and other details. Scammers texted and asked for a six digit code.