കളഞ്ഞു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ കേസിൽ ബിജെപി നേതാവായ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചയത്ത് വനിതാ അംഗവും സഹായിയും പിടിയിൽ. മഹിളാമോർച്ച ഭാരവാഹി കൂടിയായ തിരുവൻവണ്ടൂർ വനവാതുക്കര സ്വദേശി സുകന്യ ഗോപി, കല്ലിശ്ശേരി സ്വദേശി സലിഷ് മോൻ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ചെങ്ങന്നൂർ സ്വദേശി വിനോദിന്‍റെ കയ്യിൽ നിന്ന് എടിഎം കാർഡ് ഉൾപ്പെടുന്ന പേഴ്സ് നഷ്ടപ്പെട്ടത്. ഓട്ടോ ഡ്രൈവറായ സലിഷ് മോന് പേഴ്‌സ് ലഭിച്ചു. സലിഷ് വിവരം ബ്ലോക്ക് പഞ്ചായത്തംഗമായ സുജന്യയെ അറിയിച്ചു. പിറ്റേദിവസം രാവിലെ ഇരുവരും ചേർന്ന് ബുധനൂർ, പാണ്ടനാട്, മാന്നാർ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിലെത്തി 25,000 രൂപ പിൻവലിക്കുകയായിരുന്നു.
എടിഎം കാർഡിനൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിൻ നമ്പർ ഉപയോഗിച്ചാണ് പണം പിൻവലിച്ചത്. തുക പിൻവലിച്ചതിന്‍റെ അറിയിപ്പ് മൊബൈലിൽ വന്നതോടെ വിനോദ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും സ്കൂട്ടറിലെത്തി പണം പിൻവലിച്ചതായി പൊലീസിന് വിവരം ലഭിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.