സാമ്പത്തിക തട്ടിപ്പുകേസില്‍ ബല്‍ജിയത്തില്‍ അറസ്റ്റിലായ രത്നവ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയില്‍ എത്തിക്കുന്നത് വൈകിയേക്കും. ചോക്സി അര്‍ബുദ ബാധിതനാണെന്നും ചികില്‍സയ്ക്കായി ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകന്‍റെ ആവശ്യം. ചോക്സി കസ്റ്റഡിയിലുള്ള വിവരം ബല്‍ജിയം സ്ഥിരീകരിച്ചിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കടക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് ദേശീയ അന്വേഷണ ഏജന്‍സികളുടെ ആവശ്യപ്രകാരം ചോക്സിയെ അറസ്റ്റ് ചെയ്തത്. തുടര്‍നടപടികള്‍ക്കായി ഇഡി, സിബിഐ സംഘം ഉടന്‍ ബല്‍ജിയത്തിലേക്ക് തിരിക്കും.
ചോക്സി ഭാര്യയ്ക്കൊപ്പം ബല്‍ജിയത്തിലെ ആന്റ്വെര്പ്പില് ഉണ്ടെന്ന് കഴിഞ്ഞമാസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിരുന്നു. ഇതേത്തുടര്‍ന്നാണ് ചോക്സിയെ വിട്ടുകിട്ടാന്‍ ഇന്ത്യ ബല്‍ജിയം സര്‍ക്കാരിനെ സമീപിച്ചത്. ചോക്സിയുടെ ഭാര്യ പ്രീതിക്ക് ബല്‍ജിയം പൗരത്വമുണ്ട്. വ്യാജരേഖ നല്‍കി ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് ചോക്സി 13,500 കോടി രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിട്ടുവെന്നാണ് കേസ്. ബൽജിയത്തിൽ താമസിക്കുന്നതിനുള്ള പെർമിറ്റിനായി മെഹുൽ ചോക്സി നൽകിയ രേഖകളും വ്യാജമാണെന്ന് ആരോപണമുണ്ട്.
2021ൽ ആന്റിഗ്വയിൽ നിന്നു മുങ്ങിയ മെഹുലിനെക്കുറിച്ചു പിന്നീടു വിവരമില്ലായിരുന്നു. 2018 മേയ് 23നും 2021 ജൂണ്‍ 15നും ചോക്സിക്കെതിരെ മുംബൈ കോടതി രണ്ട് ജാമ്യമില്ലാ വാറന്‍റുകള്‍ പുറപ്പെടുവിച്ചിരുന്നു. ബാങ്ക് വായ്പ തട്ടിപ്പുകേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ സഹോദരീപുത്രനാണ് മെഹുല്‍ ചോക്സി. ലണ്ടൻ ജയിലിൽ കഴിയുന്ന നീരവിനെ വിട്ടുകിട്ടാൻ ഇന്ത്യ ബ്രിട്ടനിലെ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.