kodi-suni

കോഴിക്കോട്ടെ സ്വര്‍ണക്കവര്‍ച്ചാക്കേസില്‍ അറസ്റ്റിലായ കാക്ക രഞ്ജിത്തിനേയും രാജേഷ് ഖന്നയേയും അറിയില്ലെന്ന് കൊടി സുനിയുടെ മൊഴി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍ കൊടി സുനി പൊലീസിനു മുമ്പില്‍ എല്ലാം നിഷേധിച്ചു. സുനിയെ കേസില്‍ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല 

ഒന്നിനു പുറകെ ഒന്നായി ചോദ്യങ്ങള്‍. കൊടി സുനിയ്ക്ക് പറയാന്‍ ഒറ്റ ഉത്തരം മാത്രം. അറിയില്ല. കോഴിക്കോട് ചെറുവണ്ണൂര്‍ സി.ഐ.: പി. രാജേഷും സംഘവും നട്ടുച്ചയ്ക്കാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. പിന്നെ, തകൃതിയായ ചോദ്യംചെയ്യല്‍. സൂപ്രണ്ടിന്റെ മുറിയിലായിരുന്നു ചോദ്യംചെയ്യല്‍. സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ കാക്ക രജ്ഞിത്തിന്റെ മൊഴിപ്രകാരം സ്വര്‍ണക്കവര്‍ച്ചയുടെ സൂത്രധാരന്‍ കൊടി സുനിയാണെന്ന് ചൂണ്ടിക്കാട്ടിയപ്പോഴും സുനി കൈമലര്‍ത്തി. 

രജ്ഞിത്തിനെ അറിയില്ലെന്നായിരുന്നു മറുപടി. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. രജ്ഞിത്തിനെ ഒരിക്കല്‍പ്പോലും വിളിച്ചിട്ടില്ല. ഇങ്ങനെ, എല്ലാം നിഷേധിച്ച് നിലയുറപ്പിച്ചതോടെ കൊടി സുനിക്കു മുമ്പില്‍ പൊലീസ് നിസഹായരായി. കാക്ക രഞ്ജിത്തും കൊടി സുനിയും തമ്മിൽ ഫോൺവഴി 300 തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് അറസ്റ്റിലായ പ്രതികളുടെ മൊഴി. 

കോഴിക്കോട്ട് കാർ യാത്രക്കാരനെ ആക്രമിച്ചു മൂന്നു കിലോഗ്രാം കള്ളക്കടത്ത് സ്വർണം കവർന്ന കേസിലാണ് സുനിയുടെ പങ്ക് പൊലീസ് സംശയിക്കുന്നത്. ഏപ്രിൽ മുതൽ ജൂലൈ 16 വരെയുള്ള കാലയളവിനുള്ളിലെ മൊബൈൽ ഫോൺ വിളി വിവരങ്ങൾ പൊലീസ് പരിശോധിച്ചു. ഇതിലെ ഒരു നമ്പർ സുനി ഉപയോഗിച്ചെന്ന നിഗമനത്തിലാണ് പൊലീസ്. 2016 ജൂലൈ 16നു രാവിലെ ആറോടെ ദേശീയപാതയിൽ നല്ലളം മോഡേൺ ബസ് സ്‌റ്റോപ്പിനു സമീപത്താണ് കാർ യാത്രക്കാരനെ ആക്രമിച്ചു സ്വർണം കവർന്നത്.