യാത്രക്കാരുടെ ജീവന്‍ പണയംവച്ച് കൊച്ചിയില്‍ സ്വകാര്യബസുകളുടെ വിളയാട്ടം. തിരക്കേറിയ റോഡിലൂടെ മല്‍സരയോട്ടം നടത്തുന്ന സ്വകാര്യബസുകളില്‍ മരണഭീതിയോടെയാണ് ജനം യാത്രചെയ്യുന്നത്. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഭൂരിപക്ഷം ബസുകളിലും വാതിലുകള്‍ ഘടിപ്പിച്ചിട്ടില്ല. 

 

ചോദിക്കാനും പറയാനും ആരുമില്ലാത്ത പോലെയാണ് കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങളുമായി നഗരത്തിലെത്തുന്നവര്‍ സൂക്ഷിച്ചില്ലെങ്കില്‍ ബസുകള്‍ ഇടിച്ചിടും. മല്‍സരയോട്ടവും, യാത്രക്കാര്‍ കയറും മുന്‍പേ വണ്ടി വിടുന്നതുമെല്ലാം കൊച്ചിയില്‍ പതിവാണ്. സ്ത്രീകളും പ്രായമേറിയവരുമാണ് ബസുകളുടെ മല്‍സരയോട്ടത്തിന്റെ പ്രധാന ഇരകള്‍. ബസില്‍ നിന്ന് താഴെവീണ് പരുക്കുപറ്റിയ കഥയാണ് ആലുവ സ്വദേശിയായ എല്‍ഐസി ജീവനക്കാരി ജാന്‍സിക്ക് പറയാനുള്ളത്. 

 

ഇതിനു പുറമേയാണ് ബസ് ജീവനക്കാരുടെ മര്യാദയില്ലാത്ത പെരുമാറ്റവും യാത്രക്കാര്‍ സഹിക്കേണ്ടിവരുന്നത്. മുന്നിലും പിന്നിലും വാതിലുകള്‍ ഘടിപ്പിക്കാതെയാണ് നഗരത്തില്‍ വലിയൊരു വിഭാഗം ബസുകളും സര്‍വീസ് നടത്തുന്നത്. വാതിലിന്റെ പടിയില്‍ നിന്ന് യാത്ര ചെയ്യുന്നത് അപകടമാണെന്നറിഞ്ഞിട്ടും, അത് നിര്‍ബാധം തുടരുന്നു. പൊലീസിന്റേയും മോട്ടോര്‍വാഹന വകുപ്പിന്റേയും കണ്‍മുന്നില്‍ നടക്കുന്ന നഗ്നമായ നിയമലംഘനങ്ങള്‍ തടയാന്‍ ആര് മുന്നോട്ടുവരും എന്നതാണ് ചോദ്യം.