jisha

 

ജസ്റ്റിസ് ഫോര്‍ ജിഷ എന്ന ഹാഷ് ടാഗുയര്‍ത്തിയ ഒരോരുത്തര്‍ക്കും അഭിമാനിക്കാനുള്ള അവസരം കൂടിയാണിത്. സ്ത്രീസുരക്ഷ എന്ന പദത്തിന് കരുത്തുപകരുന്ന വിധി. സ്ത്രീകളെ കരുത്ത് കൊണ്ട് കീഴ്പ്പെടുത്താമെന്ന് കരുതുന്നവര്‍ ഓര്‍ക്കുക. നിങ്ങളെ കാത്തിരിക്കുന്നത് തൂക്കുകയര്‍ വരെയാണ്. സമീപകാലത്ത് കേരളത്തിൽ ഏറ്റവുമധികം കോളിളക്കമുണ്ടാക്കിയ കേസിലാണ് സുപ്രധാനവിധി എന്നതിനാല്‍ കേരള പൊലീസിനും പ്രോസിക്യൂഷനും അഭിമാനിക്കാം. 

 

എറണാകുളം -ഷൊർണൂർ പാസഞ്ചർ ‍ട്രെയിനിൽ യാത്രക്കാരിയായിരുന്ന സൗമ്യയുടെ മരണത്തിനുശേഷം കേരളത്തെ ഏറ്റവുമധികം ഞെട്ടിച്ച സംഭവം. അതായിരുന്നു പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം. ഡൽഹിയിലെ നിര്‍ഭയയുടെ പീഡനമരണത്തിന്റെ ഓർമ ഉണർത്തിയ ക്രൂരമായ കൊലപാതകം. അന്വേഷിക്കാനിറങ്ങി തുമ്പ് തരിമ്പുമില്ലാതെയുലഞ്ഞ പൊലീസിനെതിരെ ജനരോഷമിരമ്പുകയായിരുന്നു. ഡല്‍ഹിയില്‍ വരെ ജസ്റ്റിസ് ഫോര്‍ ജിഷയെന്ന ബാനറുകള്‍ ഉയര്‍ന്നു. ഫെയ്സ്ബുക്ക് പേജുകളില്‍ ഹാഷ്ടാഗ് ജി·ഷ മാത്രമായി. രാഷ്ട്രീയരംഗത്തേയും പിടിച്ചുലച്ച രോഷചത്വരങ്ങള്‍ പുതിയ അന്വേഷണസംഘത്തിലെത്തിച്ചു. അവര്‍ അമിറുള്‍ ഇസ്ലാമെന്ന പ്രതിയിലേയ്ക്ക് പൊലീസ് എത്തിയെങ്കിലും തെളിവെടുപ്പും ശാസ്ത്രീയ പരിശോധനയുമെല്ലാം വെല്ലുവിളി നിറ‍ഞ്ഞതായിരുന്നു. 

 

ഒടുവില്‍ എല്ലാകടമ്പയും പിന്നിട്ട് പഴതുകളില്ലാതെ പൊലീസ് തയ്യാറാക്കിയ കുറ്റപത്രം പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കാന്‍ കാരണമായി. ഗോവിന്ദച്ചാമിയില്‍ അവസാനിക്കാതെ സ്ത്രീകള്‍ക്കെതിരായ അക്രമം അമീറുള്‍ ഇസ്‌ലാമുമാരിലൂടെ തുടരുമ്പോഴും നിസംഗമായ വ്യവസ്ഥിതികളെ ഇളക്കിമറിക്കുകയായിരുന്നു ജിഷാ കേസിന്റെ നാള്‍വഴികള്‍. എന്നിട്ടും സൗമ്യ കേസില്‍ പ്രതിഭാഗത്തിന് വേണ്ടി രംഗത്തെത്തിയ അതേ അഭിഭാഷകന്‍ തന്നെ ജിഷാ കേസും ഏറ്റെടുത്തതോടെ കേരളം ഒന്നാകെ ആശങ്കപ്പെട്ടിരുന്നു. പക്ഷെ ഇത്തവണ നീതിപീഠം പ്രതിയുടെ ക്രൂരത തിരിച്ചറിഞ്ഞു. അമിറുള്‍ ഇസ്ലാമിന് തൂക്കുകയര്‍ വിധിച്ച കോടതി, സ്ത്രീസമൂഹത്തിന്റെ സംരക്ഷണം കൂടി ഇതിലൂടെ ഉയര്‍ത്തിക്കാട്ടുകയാണ്. ഇനി ഒരു പെണ്‍കുട്ടിക്കും ജിഷയും വിധി ഉണ്ടാകാന്‍ പാടില്ല. സ്വന്തം നാട്ടില്‍ കൊടുംകുറ്റകൃത്യങ്ങള്‍ നടത്തി കേരളത്തിലേയ്ക്ക് കടന്നവരെ സൂക്ഷിക്കുക തന്നെ വേണമെന്ന മുന്നറിയിപ്പും കൂടിയാണ് ജിഷാ കേസ് നല്‍കുന്ന പാഠം.