ഗുജറാത്തിലെ രാജ്കോട്ടിൽ സ്വന്തംമാതാവിനെ ടെറസിൽനിന്ന് എറിഞ്ഞുകൊന്ന മകനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്. ചോദ്യംചെയ്യലിനിടെ അവശനിലയിലായ പ്രതി സന്ദീപ് നെത്‍വാനി നിലവിൽ ആശുപത്രിയിലാണ്. കഴിഞ്ഞ സെപ്റ്റംബർ 27ന് നടന്ന കൊലപാതകത്തിൽ, പ്രഫസർ കൂടിയായ സന്ദീപ് നെത്‍വാനി വെള്ളിയാഴ്ചയാണ് അറസ്റ്റിലായത്. 

സിസിടിവി ദൃശ്യങ്ങൾ തെളിവായി ലഭിച്ചതിനെ തുടർന്ന്, കൊലപാതകം നടന്ന് മൂന്നുമാസത്തിന്ശേഷമാണ് സന്ദീപ് നെത്‍വാനി അറസ്റ്റിലായത്. ആദ്യം ചോദ്യംചെയ്യലിനോട് സഹകരിക്കാതിരുന്ന പ്രതി പിന്നീട് കുറ്റം തുറന്നുപറയുകയായിരുന്നു. മാതാവിന്റെ  രോഗം കുടുംബത്തെ അലട്ടിയിരുന്നതായും അതിൽ മനംമടുത്താണ് കൊലപാതകം ചെയ്തതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ, ചോദ്യംചെയ്യലിനിടെ അവശനിലയിലായ സന്ദീപിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിവിട്ടശേഷം ചോദ്യംചെയ്യൽ തുടരേണ്ടതുണ്ടെന്നും, അതിനാൽ കോടതിയിൽ ഹാജരാക്കി കസ്റ്റഡയിൽ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും രാജ്കോട്ട് പൊലീസ് അറിയിച്ചു. 

കഴിഞ്ഞ സെപ്റ്റംബർ 27നാണ് ഏകമകനും പ്രഫസറുമായ സന്ദീപ് നെത്‍വാനിക്കും, സന്ദീപിൻറെ ഭാര്യയ്ക്കുമൊപ്പം ഫ്ളാറ്റിനുള്ളിൽ അവശനിലയിലായി കഴിയുകയായിരുന്ന ജയശ്രീ ബെന്‍ ദാരുണമായി കൊലചെയ്യപ്പെട്ടത്. കാൽവഴുതി വീണാണ് മരണമെന്ന സന്ദീപിൻറെ മൊഴി വിശ്വസിച്ച പൊലീസ് അന്വേഷണം ആദ്യംഅവസാനിപ്പിച്ചിരുന്നു. പിന്നീടുലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തില്‍ ഫ്ലാറ്റ് നിലനിൽക്കുന്ന കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ശേഷമാണ്, വീട്ടിൽനിന്നും താങ്ങിയടുത്തുകൊണ്ടുപോയി നാലാമത്തെ നിലയിൽനിന്നും മാതാവിനെ മകൻതന്നെ എറിഞ്ഞുകൊന്നതായി തെളിഞ്ഞത്. രാജ്കോട്ടിലെ ഫാർമസി കോളജിൽ പ്രഫസറാണ് പ്രതി സന്ദീപ് നെത്‍വാനി.