മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്യാനെത്തിയ തമിഴ്നാട് പൊലീസിനെ വെട്ടിച്ച്  കുഴല്‍പണ ഇടപാടുകാരന്‍ കോടാലി ശ്രീധരന്‍ മുങ്ങി.  കോയമ്പത്തൂര്‍ മരുതമല സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടെത്തിയ പൊലീസ് സംഘം വീട്ടിനുള്ളില്‍ പരിശോധന നടത്തിയെങ്കിലും  കോാടലി ശ്രീധരനെ കണ്ടെത്താനായില്ല.

 

കോടാലി ശ്രീധരന്‍ സ്ഥലത്തുണ്ടെന്ന് ഉറപ്പിച്ച് തന്നെയാണ് തമിഴ്നാട് പൊലസ് സംഘം കേരളത്തിലെത്തിയത് . ആദ്യം വീട്ടിലെത്തി അവര്‍ പരിസരം വിലയിരുത്തി .  മരക്കച്ചവടക്കാരെന്ന രീതിയിലാണ് പൊലീസ് വീട്ടിലെത്തിയത് . അപ്പോള്‍ വീട്ടിലുണ്ടായിരുന്നവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു

 

രാത്രിയോടെ ശ്രീധരനെ പിടികൂടന്നതിന് എല്ലാ ഒരുക്കങ്ങളുമായാണ് പൊലീസ് വീടുവളഞ്ഞത് . പക്ഷേ പൊലീസെത്തുന്ന വിവരം മുന്‍കൂട്ടിയറിഞ്ഞ്  ശ്രീധരന്‍ മുങ്ങി. തുടര്‍ന്ന് വീട്ടിനുള്ളില്‍ പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും കാര്യമായൊന്നും കിട്ടിയില്ല  കോയമ്പത്തൂര്‍ മരുതമലയില്‍ റോഡില്‍ വാഹനം തടഞ്ഞു നിര്‍ത്തികവര്‍ച്ച നടത്തിയ കേസിലാണ് കോടാലി ശ്രീധരനെ തമിഴ്നാട് പൊലീസ് പ്രതിചേര്‍ത്തത് . 

 

ഈ കേസില്‍ അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടാലി ശ്രീധരനെ തേടി മരുതമല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാഗരാജന്റെ നേതൃത്വത്തില്‍ ഏഴംഗ പൊലീസ് സംഘം കോതമംഗലത്ത് എത്തിയത് . കോതമംഗംലം എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ കൂടി സഹായത്തോടെയാണ് ഇവര്‍ വീട്ടില്‍ പരിശോധന നടത്തിയത് . ഈ കേസില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ മണികണ്ഠന്‍ എന്ന സ്പിരിറ്റ് മണി , യോഗേഷ്, ടിന്‍സണ്‍ , ധനേഷ് , ഷെറീഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടാലി ശ്രീധരന് പുറമേ കേസില്‍ ഉള്‍പ്പെട്ട വേങ്ങര സ്വദേശി മുഹമ്മദാലിയും ഒളിവിലാണ്