ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടക്കുന്ന കോമൺവെല്‍ത്ത് ഗെയിംസിൽ സ്വർണമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ഭാരോദ്വഹന താരം പൂനം യാദവിനുനേരെ ആക്രമണം. ഉത്തർപ്രദേശിലെ വാരാണസിയിൽ ബന്ധുക്കളെ സന്ദർശിക്കാനെത്തിയപ്പോഴാണ് അജ്ഞാതരായ അക്രമികൾ താരത്തെ ആക്രമിച്ചത്.
ഇഷ്ടികയും കല്ലും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. താരത്തിന്റെ പിതാവും ബന്ധുക്കളും അക്രമികളെ ചെറുക്കാൻ ശ്രമിച്ചെങ്കിലും അവർക്കുനേരെയും ആക്രമണമുണ്ടായി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് താരത്തെയും കുടുംബാംഗങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.
താരത്തെ ആക്രമിച്ചവരെ എത്രയും വേഗം പിടികൂടുമെന്ന് ഉത്തർപ്രദേശ് പൊലീസ് വ്യക്തമാക്കി. താരം ആക്രമിക്കപ്പെട്ട വിവരമറിഞ്ഞപ്പോൾത്തന്നെ കൂടുതൽ പൊലീസ് സംഘത്തെ അവിടേക്ക് അയച്ചതായും പൊലീസ് സൂപ്രണ്ട് അമിത് കുമാർ അറിയിച്ചു. പൂനത്തിന്റെ ബന്ധുക്കളും സമീപ ഗ്രാമത്തിലെ തലവനും തമ്മിലുള്ള ചില സ്വത്തു തർക്കത്തിന്റെ ബാക്കിപത്രമായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക വിവരം.