ഒരേ കുടുംബത്തിലെ എല്ലാവരെയും കരുതിക്കൂട്ടി കൊലപ്പെടുത്തിയിട്ടും അത് മറച്ചു വെയ്ക്കുന്നതിനും രോഗബാധയാലാണ് മരണമെന്ന് ചിത്രീകരിക്കാനും ഒരുഘട്ടത്തിൽ സൗമ്യ പൂർണമായും വിജയിച്ചിരുന്നു. എന്നാൽ കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ സൗമ്യ ഒരുക്കിയ ആത്മഹത്യാ നാടകമാണ് എല്ലാം തകിടം മറിച്ചത്. 2012 സെപത്ബർ ഒൻപതിന് സൗമ്യയുടെ ഒന്നര വയസ് മാത്രം പ്രായമായ മകൾ കീർത്തന മരിച്ചു. അപസ്മാരബാധയും ഛർദ്ദിയുമായിരുന്നു മരണകാരണം. തലശേരിയിലും മംഗളുരുവിലും ചികിത്സ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. കീർത്തനയുടെ മരണം തികച്ചും സ്വഭാവികം മാത്രമാണെന്നായിരുന്നു സൗമ്യ  പറഞ്ഞത്.  

2018 ജനുവരി 21 ന് എട്ടു വയസുകാരിയും സൗമ്യയുടെ മൂത്തമകളുമായ ഐശ്വര്യ കിഷോർ മരണമടഞ്ഞു. രോഗകാരണം കീർത്തനയുടെതിന് സാമാനം. ഛർദ്ദി. ബന്ധുക്കൾ ഈ മരണത്തിലും അസ്വാഭാവികത കണ്ടില്ല. സൗമ്യയുടെ വെളിപ്പെടുത്തലിലൂടെ മാത്രമാണ് ഇതൊരു കൊലപാതകമാണെന്ന് പുറം ലോകം അറിയുന്നത് തന്നെ. അത്രമാത്രം സൂക്ഷ്മതതോടെയാണ് സൗമ്യ ഈ കൃത്യം നടത്തിയതെന്നതിനാൽ കീർത്തനയുടെ മരണവും സംശയത്തിന്റെ നിഴലിൽ ആകുകയാണ്. 

സൗമ്യയെ അരുംകൊല നടന്ന വീട്ടിലെത്തിച്ചു; കൂക്കിവിളിച്ച് നാട്ടുകാര്‍: വിഡിയോ

2018 മാർച്ച് ഏഴിന് സൗമ്യയുടെ അമ്മ കമലയും മരണമടഞ്ഞു. മരണകാരണം കീർത്തനയുടേതിനും ഐശ്വര്യയുടെതിനും സമാനം. മൂന്ന് ദിവസം മാത്രം ആശുപത്രിയിൽ കഴിഞ്ഞതിനു ശേഷം ആരോഗ്യവതിയായ കമല മരിച്ചത് സംശയത്തിന് ഇടയാക്കി. മൃതദേഹ പരിശോധന നടന്നുവെങ്കിലും ആരും സൗമ്യയെ സംശയിച്ചതേയില്ല. 

ഏപ്രിൽ 13 ന് മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം സൗമ്യയുടെ അച്ഛൻ കുഞ്ഞിക്കണ്ണനും മരണത്തിന് കീഴടങ്ങി. കുഞ്ഞിക്കണ്ണന്റെ മരണത്തിന്റെ തലേന്ന് കമലയുടെ മരണത്തിന്റെ മൃതദേഹപരിശോധന ഫലം വന്നതും സംശയത്തിന്റെ മുന സ്വഭാവികമായും സൗമ്യയിലേയ്ക്ക് നീളാൻ കാരണമായി. 

ലൈംഗികബന്ധം മകള്‍ കണ്ടതോടെ സൗമ്യയുടെ ‘തീരുമാനം’; കൂടുതല്‍ അറസ്റ്റ് ഇന്നുതന്നെ..?

സംശയമുണ്ടാകാതിരിക്കാൻ തനിക്കും അജ്ഞാത രോഗം പിടിപെട്ടെന്നും കിണറ്റിലെ വെള്ളത്തിൽ രാസവസ്തുവുണ്ടെന്നും പ്രചരിപ്പിക്കാൻ സൗമ്യ ശ്രമിച്ചിരുന്നു. പ്രദേശവാസികളായ ഏതാനും ചെറുപ്പക്കാരുടെ സഹായത്തോടെയായിരുന്നു പ്രചാരണം. തുടർന്ന് ഒരാഴ്ച മുൻപ് സൗമ്യ തലശ്ശേരി ആശുപത്രിയിൽ ചികിൽസ തേടി. എന്നാൽ പരിശോധനയിൽ സൗമ്യക്കു പ്രശ്നങ്ങളില്ലെന്നു പൊലീസ് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.‌ 

മാതാപിതാക്കളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പൊലീസ് പരിശോധിച്ചു. പരിശോധനാ ഫലത്തിലും പ്രശ്നങ്ങൾ കണ്ടതോടെ പൊലീസ് ഉറപ്പിച്ചു. ഇതു കൊലപാതകമാണെന്ന്. 

അറസ്റ്റിലായ സൗമ്യയ്ക്കു പുറമേ മറ്റാർക്കും പങ്കില്ലെന്നാണ് പൊലീസ് നിഗമനം. കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സൗമ്യ തനിച്ചാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ പൊലീസിന്റെ കണ്ടെത്തൽ. സൗമ്യയുമായി ബന്ധമുണ്ടെന്നു കരുതുന്ന മൂന്നു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും രണ്ടു പേരെ വിട്ടയച്ചു. ഒരാൾ ഇപ്പോഴും കസ്റ്റഡിയിലുണ്ട്. യുവാക്കൾക്കു സൗമ്യയുമായി അടുപ്പമുണ്ടായിരുന്നുവെങ്കിലും കൊലപാതകങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു.