രക്ഷപ്പെടാൻ നടത്തിയ ആത്മഹത്യാ നാടകമാണ് സൗമ്യയുടെ കുരുക്ക് മുറുക്കിയത്. പിണറായിയിൽ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ സൗമ്യയിൽ കാര്യമായ ഭാവവ്യത്യാസമോ പതർച്ചയോ ഇല്ലാതിരുന്നത് പൊലീസിനെ ആശ്ചര്യപ്പെടുത്തി. പുറത്തു നിന്ന് കൃത്യമായ ആസൂത്രണമോ സഹായമോ ലഭിക്കാതെ ഇത്രയും കൃത്യതയോടെ ഒരു കൊലപാതകം നടത്താൻ സാധിക്കില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. 

ആറു വർഷം മുൻപ് തന്റെ മുൻ ഭർത്താവ് വിഷം നൽകി തന്നെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി സൗമ്യ പൊലീസിനോട് വെളിപ്പെടുത്തി. മൂത്ത മകൾ ഐശ്വര്യയുടെ പിത്യത്വത്തെ ചൊല്ലി താനും മുൻ ഭർത്താവും കലഹിച്ചിരുന്നതായും സൗമ്യ വെളിപ്പെടുത്തി. മുൻ ഭർത്താവിൽ നിന്നാണ് ഇത്തരത്തിൽ വിഷം പ്രയോഗിക്കുന്ന രീതി തനിക്ക് മനസിലായതെന്ന് സൗമ്യ മൊഴി നൽകി. തന്നെ ഭര്‍ത്താവ് വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നാണ് സൗമ്യയുടെ വാദം. എന്നാല്‍ സൗമ്യയുടെ ഈ വാദം പൊലീസ് വിശ്വസിച്ചില്ല. വിഷം നൽകിയ ശേഷം ശരീരത്തിൽ വ്യാപിപ്പിക്കാൻ അച്ഛനെയും അമ്മയേയും മകളെയും സൗമ്യ ധാരാളം വെളളം കുടിപ്പിച്ച് മരണം ഉറപ്പാക്കി. കുടുംബാംഗങ്ങളെ ഒഴിവാക്കി പുതിയ ജീവിതം ആരംഭിക്കാമെന്നും സൗമ്യ കണക്കുകൂട്ടി. 

രോഗമില്ലെന്ന കണ്ടെത്തല്‍ വഴിത്തിരിവായി

വർഷങ്ങൾ നീണ്ട ആലോചനയ്ക്കും തിരക്കഥയ്ക്കും ശേഷമായിരുന്നു അതിക്രൂരമായ കൊലപാതകം സൗമ്യ നടപ്പാക്കിയത.് കഴിഞ്ഞ ജനുവരിയിൽ തന്റെ വഴിവിട്ട ബന്ധം നേരിൽ കണ്ടതിനെ തുടർന്നാണ് മൂത്തമകളെ കൊലപ്പെടുത്താൻ സൗമ്യ തീരുമാനിക്കുന്നത്. ക്രൂരമായി കുട്ടിയെ ഇതിന്റെ പേരിൽ സൗമ്യ മർദിച്ചിരുന്നു.  ഇതിനു ശേഷം ദിവസങ്ങൾ കഴിഞ്ഞപ്പോഴാണു കുട്ടിക്ക് അസുഖമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത് കൊലപാതകമാണെന്നു പിടിക്കപ്പെടാതായതോടെ മാതാപിതാക്കളെയും ഇതേവഴിക്കു കൊലപ്പെടുത്തുകയായിരുന്നെന്നാണു സൗമ്യ പൊലീസിനോടു പറഞ്ഞത്.

സംശയമുണ്ടാകാതിരിക്കാൻ തനിക്കും അജ്ഞാത രോഗം പിടിപെട്ടെന്നും കിണറ്റിലെ വെള്ളത്തിൽ രാസവസ്തുവുണ്ടെന്നും പ്രചരിപ്പിക്കാൻ സൗമ്യ ശ്രമിച്ചിരുന്നു. പ്രദേശവാസികളായ ഏതാനും ചെറുപ്പക്കാരുടെ സഹായത്തോടെയായിരുന്നു പ്രചാരണം. തുടർന്ന് ഒരാഴ്ച മുൻപ് സൗമ്യ തലശ്ശേരി ആശുപത്രിയിൽ ചികിൽസ തേടി. എന്നാൽ പരിശോധനയിൽ സൗമ്യക്ക് പ്രശ്നങ്ങളില്ലെന്നു പൊലീസ് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.‌ 

ആത്മഹത്യാ നാടകത്തിലൂടെ സൗമ്യ അന്വേഷണത്തിൽനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത് സൗമ്യയുടെ കുരുക്ക് മുറുക്കി. അസ്വസ്ഥത കാട്ടി ചികിൽസ തേടിയതു തനിക്ക് ഈ കൊലപാതകങ്ങളിൽ പങ്കില്ലെന്നു വരുത്താനാണെന്നും ചോദ്യംചെയ്യലിൽ വെളിപ്പെട്ടു. സാമ്പത്തിക ബാധ്യതയും കുടുംബപ്രശ്നങ്ങളും കാരണം മാതാപിതാക്കള്‍ ആത്മഹത്യചെയ്തുവെന്നു വരുത്താനായിരുന്നു ശ്രമം. കൊലപാതകം ആസൂത്രണം ചെയ്തതു രണ്ടു യുവാക്കളുടെ പ്രേരണയാലെന്നും കണ്ടെത്തി. 

ശാസ്ത്രീയ പരിശോധനാഫലമല്ലാതെ മറ്റൊരു തെളിവും ഇവർക്കെതിരെ ആദ്യഘട്ടത്തിൽ പൊലീസിനു ലഭിച്ചിരുന്നില്ല. സാഹചര്യത്തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലാത്തതിനാൽ ആദ്യഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കാത്തതാണു ചോദ്യംചെയ്യൽ നീണ്ടുപോകാൻ കാരണം. ഒടുവിൽ രാത്രി വൈകിയാണ് സൗമ്യ കുറ്റസമ്മതം നടത്തിയത്.

മൂത്ത മകൾ ഐശ്വര്യയെ ജനുവരി 21ന് ചോറിൽ എലിവിഷം നൽകി കൊലപ്പെടുത്തി. അമ്മ കമലയ്ക്ക് മീൻകറിയിലും അച്ഛൻ കുഞ്ഞിക്കണ്ണന് രസത്തിലുമാണ് എലിവിഷം നൽകിയത്. എന്നാൽ 2012ൽ മരിച്ച ഇളയമകൾ കീർത്തനയുടേത് സ്വഭാവിക മരണമാണെന്ന് സൗമ്യ മൊഴി നൽകി.

മൂത്തമകളും മാതാപിതാക്കളും സൗമ്യയുടെ ഇതര ബന്ധങ്ങൾക്കു തടസമായതാണു കൊലയ്ക്കു പ്രേരിപ്പിച്ചത്. സൗമ്യയുമായി ബന്ധമുള്ള യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവർ കൊലപാതക വിവരം അറിഞ്ഞിട്ടു മറച്ചുവെച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറ്റം തെളിഞ്ഞാൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.