അഭിമന്യു വധത്തില്‍ കൈവെട്ട് കേസില്‍ പ്രതിയായിരുന്ന മനാഫിന് ബന്ധമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അന്വേഷണം വഴിതെറ്റിക്കാന്‍ എസ്ഡിപിഐ ശ്രമിക്കുന്നു. ഗൂഢാലോചനയില്‍ മനാഫിന് പങ്കുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മഹാരാജാസ് കോളജിലെ അഭിമന്യു കലാലയ രാഷ്ട്രീയത്തിന്റെ ഇരയെന്നായിരുന്നും രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കലാലയരാഷ്്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാകില്ലെന്നും വ്യക്തമാക്കി. 

 

കലാലയരാഷ്ട്രീയം പരിഗണനയ്ക്ക് വന്നപ്പോഴെല്ലാം ഹൈക്കോടതി സ്വീകരിച്ച അതേ നിലപാട് ഇന്നും ആവര്‍ത്തിക്കപ്പെട്ടു. സര്‍ക്കാരിനെ രൂക്ഷമായഭാഷയില്‍ വിമര്‍ശിച്ചു.  കലാലയരാഷ്ട്രീയം നിയന്ത്രിക്കാന്‍ കോടതി പുറപ്പെടുവിച്ച ഉത്തരവുകളൊന്നും സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയി അധ്യക്ഷഷനായ ബഞ്ച് വ്യക്തമാക്കി . അഭിമന്യുവിന്റെ കൊലപാതകം അതിന്റെ പരിണിതഫലമാണ്. കലാലയത്തില്‍ രാഷ്ട്രീയം അനുവദിക്കാനാകില്ല.  ആശയപ്രചാരണമാകാം പക്ഷേ രാഷ്ട്രീയ അതിപ്രസരം അനുവദിക്കാനാകില്ല . രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകമാകാന്‍ വിദ്യാര്‍ഥികളെ വിട്ടുകൊടുത്തുകൂടാ. 

 

അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇതിന്റെ പേരില്‍ പൊതുനിലപാട് സ്വീകരിക്കരുതെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ അഭിമന്യുവധം ഒറ്റപ്പെട്ട സംഭവമായി  കരുതാനാകില്ലെന്നും. ഒരു സര്‍ക്കാര്‍ കോളജില്‍ തന്നെ കൊലപാതകം നടന്നത് ദുഖകരാണെന്നും കോടതി വ്യക്തമാക്കി . കാംപസ് രാഷ്ട്രീയം നിരോധിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.