പെൺകെണിയിലൂടെ യുവാവിനെ മർദിച്ചു പണം കവർന്ന കേസിലെ ഒന്നാം പ്രതി വയനാട് വൈത്തിരി മേപ്പാടി സ്വദേശിനി പള്ളിത്തൊടി നസീമയെ (30) കൊലപാതക കേസിൽ അറസ്റ്റ് ചെയ്തു.  2017 ഏപ്രിലിൽ കൊല്ലം സ്വദേശി രഞ്ജു കൃഷ്ണയെ (29) വധിച്ച കേസിലാണു തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തു ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചാണു രഞ്ജു കൃഷ്ണയെ വധിച്ചത്. 

 

രണ്ടാഴ്ച മുൻപു കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിൽ തലശേരി സ്വദേശിയെ വിളിച്ചു വരുത്തി മർദിച്ചു പണം തട്ടിയ കേസിലെ  പ്രതി നസീമ തൃശൂർ ജയിലിലാണ്. സിനിമാമേഖലയിൽ ജോലി ചെയ്തിരുന്ന രഞ്ജു കൃഷ്ണ നസീമയോടൊപ്പം തിരുവനന്തപുരത്തു താമസിച്ചുവരികയായിരുന്നു.  ഇതിനിടെ നസീമയുടെ മകളെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതിലെ വൈരാഗ്യമാണു കൊല ചെയ്യാൻ കാരണമെന്നു മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ നസീമ കൊടുത്ത പരാതിയിൽ പോക്സോ പ്രകാരം കേസെടുത്തിരുന്നു.

 

രഞ്ജുവിനെ ഭീഷണിപ്പെടുത്തുവാനായിരുന്നത്രെ ക്വട്ടേഷൻ. എന്നാൽ മർദനമേറ്റ് ഇയാൾ മരിച്ചതോടെ കർണാടകയിലെ വിരാജ്പേട്ടയിൽ മലയടിവാരത്ത് മൃതദേഹം കുഴിച്ചിടുകയായിരുന്നു. അന്വേഷണത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങളെ പൊലീസ് പിടികൂടിയിരുന്നു. കേസിലെ അഞ്ചാം പ്രതിയായ നസീമ വിദേശത്തായിരുന്നതിനാൽ പിടികൂടാനായിരുന്നില്ല. നസീമ നാട്ടിലെത്തിയ വിവരമറിഞ്ഞു പൊലീസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണു കൊടുങ്ങല്ലൂരിൽ പെൺകെണി കേസിൽ ഇവർ അറസ്റ്റിലാകുന്നത്.