ആലപ്പുഴയില്‍ സണ്‍ഡേ സ്കൂള്‍ ക്യാംപിനിടെ പന്ത്രണ്ടു വയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചകേസില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ആരോപണം. കേസ് അന്വേഷണത്തില്‍ കടുത്ത സമ്മര്‍ദം ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറഞ്ഞിരുന്നതായി ശ്രേയയുടെ പിതാവ് ബെന്നി മനോരമ ന്യൂസിനോട് പറഞ്ഞു. എട്ടുവര്‍ഷം പഴക്കമുള്ള കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. കേസ് സിബിഐ ഏറ്റെടുക്കുന്നതോടെ ദുരൂഹതകള്‍ മാറുമെന്നാണ് പ്രതീക്ഷ.
2010 ഒക്ടോബര്‍ 17നാണ് ആലപ്പുഴ കൈതവനയിലെ കൃപാഭവനിലുള്ള കുളത്തില്‍ പന്ത്രണ്ടുവയസുകാരിയായ ശ്രേയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൂട്ടുകാരുമൊന്നിച്ച വ്യക്തിത്വ വികസന ക്യാംപില്‍ പങ്കെടുക്കാന്‍ എത്തിയ ശ്രേയയെ പിറ്റേന്ന് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ശ്രേയയുടെത് സ്വാഭാവികമരണം എന്ന് സ്ഥാപിക്കാനായിരുന്നു ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ശ്രമിച്ചത്. പൊരുത്തമില്ലാത്ത വാദങ്ങളും ഓരോന്നായി നിരത്തി. കൃപാഭവന്റെ നടത്തിപ്പുകാര്‍ വിശദീകരിച്ച കാര്യങ്ങളും വിശ്വാസയോഗ്യമായില്ല
ഇല്ലാത്ത അസുഖങ്ങള്‍ കുട്ടിയുടെമേല്‍ അടിച്ചേല്‍്പിക്കാനും ശ്രമമുണ്ടായി. കുളത്തില്‍ വീണുള്ള സ്വാഭാവിക മരണമെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം. എന്നാല്‍ കേസിന്റെ തുടക്ക ഘട്ടങ്ങളിലെല്ലാം അന്വേഷണസംഘത്തിന് കടുത്ത സമ്മര്‍ദങ്ങളുണ്ടായിരുന്നുവെന്ന് ശ്രേയയുടെപിതാവ് ബെന്നി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരായ ഡി.വൈ.എസ്.പിമാര്‍ തന്നെ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നതായും ബെന്നി ഓര്‍ത്തെടുത്തു
കേസില്‍ കൃപാഭനിലുണ്ടായിരുന്ന ഫാദര്‍ മാത്തുകുട്ടി, സിസ്റ്റര്‍ സ്നേഹ മറിയ എന്നിവരെ പ്രതിചേര്‍ത്തിരുന്നു. പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ കൃപാഭവനില്‍ സംരക്ഷിക്കുന്നതില്‍ അശ്രദ്ധ കാട്ടിയെന്നായിരുന്നു കുറ്റം. എന്നാല്‍ കൃപാഭവന്‍ ചുറ്റിപ്പറ്റിയുള്ള പല നിര്‍ണായക വിവരങ്ങളിലേക്കും അന്വേഷണസംഘം പോയില്ലെന്ന് കേസ് സിബിഐ ഏറ്റെടുക്കമമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ കളര്‍കോട് വേണുഗോപാലന്‍ നായര്‍ പറയുന്നു
ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും തുമ്പുണ്ടാക്കാതെപോയ കേസാണ് സി.ബി.ഐ ഏറ്റെടുക്കാന്‍പോകുന്നത്. ശ്രേയ സ്വമേധയാ മുറിവിട്ടുപോയെന്നും കുളത്തില്‍ വീണ് മുങ്ങി മരിച്ചെന്നുമുള്ള അനുമാനത്തില്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടാണ് ഹൈക്കോടതി തള്ളിയത്. ഇനി കണ്ടെത്തേണ്ടത് മരണത്തിന് പിന്നില്‍ മറഞ്ഞിരിക്കുന്ന കാരണങ്ങങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് മാത്രമാണ്