മോഷണശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തി ജനലിൽ കെട്ടിത്തൂക്കിയ കേസിൽ എല്ലാവരെയും ഞെട്ടിച്ചാണ് മകന്റെ കൂട്ടുകാരനായ പതിനെട്ടുകാരൻ അറസ്റ്റിലാകുന്നത്. അറസ്റ്റിന് മുൻപ് മോഷ്ടിച്ച പണം കൊണ്ടു പുതിയ മൊബൈൽ ഫോൺ വാങ്ങി പ്രതി കറങ്ങിനടന്നെന്ന് പൊലീസ്. വീട്ടമ്മയെ എത്തിച്ച ആശുപത്രിയിൽ സന്ദർശകനായും എത്തി. 

കറ്റാനം കണ്ണനാകുഴി മാങ്കൂട്ടത്തിൽ വടക്കതിൽ സുധാകരന്റെ ഭാര്യ തുളസി (48) 22നാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായ വെട്ടിക്കോട് മുകുളയ്യത്ത് പുത്തൻവീട്ടിൽ ജെറിൻ രാജുവിനെ (18) കായംകുളം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. തുളസിയുടെ വീട്ടിൽനിന്നു പണം മോഷ്ടിച്ചതിന്റെ തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.

തുളസിയുടെ മകന്റെ കൂട്ടുകാരനായ ജെറിൻ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ തുളസിയുടെ വീട്ടിൽ എത്തി. ഇവിടെനിന്നു ഭക്ഷണം കഴിച്ചു മടങ്ങിയ ശേഷം പരിസരത്തുതന്നെ മണിക്കൂറുകളോളം തങ്ങി. 

വീട്ടിൽ ആരുമില്ലാത്തപ്പോൾ മടങ്ങിയെത്തി താക്കോൽ കൈക്കലാക്കി. അലമാരയിൽനിന്നു 10,800 രൂപ മോഷ്ടിച്ചു. ഇതു കണ്ടുകൊണ്ടുവന്ന തുളസി മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ വീണു തലയ്ക്കു പരുക്കേറ്റു. കഴുത്തുഞെരിച്ചു കൊലപ്പെടുത്തി സാരി ഉപയോഗിച്ചു ജനലിൽ കെട്ടിത്തൂക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 

അടുക്കളയിൽനിന്നു മുളകുപൊടിയെടുത്തു വിതറിയ ശേഷം മടങ്ങിയ ജെറിൻ, ചാരുംമൂട്ടിൽനിന്നു പുതിയ മൊബൈ‍ൽ ഫോണും ബിരിയാണിയും വാങ്ങി വീട്ടിൽ തിരികെയെത്തി. 

തുളസിയെ എത്തിച്ച കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും ജെറിൻ എത്തിയിരുന്നു. പരിസരവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു ജെറിനെ കസ്റ്റഡിയിലെടുത്തത്. 

സിനിമകൾ അനുകരിച്ചതായി ജെറിൻ പറഞ്ഞെന്നു മാവേലിക്കര സിഐ പി.ശ്രീകുമാർ പറഞ്ഞു. ഡിവൈഎസ്പി അനീഷ് വി. കോര, എസ്ഐമാരായ എം.സി.അഭിലാഷ്, എ.സി.വിപിൻ, വി.ബിജു, ഉണ്ണികൃഷ്ണൻ നായർ, എഎസ്ഐമാരായ അൻവർ സാദത്ത്, സതീഷ്, സീനിയർ സിപിഒ ഹാരിസ്, സിപിഒമാരായ സുരേഷ്, ഉണ്ണികൃഷ്ണൻ, ഷാജി, അരുൺ, നജുറോയ്, അനീഷ്, രമ്യ, ഗീതമ്മ എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.