us-accident

അമേരിക്കയിലെ സൗത്ത് ടെക്സാസില്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ബസിലുണ്ടായിരുന്ന പതിമൂന്ന് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് 55 വര്‍ഷത്തെ തടവ്. 2017 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം.

 

ടെക്സാസിലെ സാന്‍ അന്റോണിയക്ക് സമീപമായിരുന്നു അപകടം. പള്ളിയിലെ പ്രാര്‍ഥനയ്ക്ക് ശേഷം മടങ്ങിയവര്‍ സഞ്ചരിച്ച ബസിലേക്കാണ് പിക്കപ് വാന്‍ ഇടിച്ചു കയറിയത്. വാന്‍ ഡ്രൈവറായിരുന്ന ജാക്ക് ഡില്ലന്‍ യംങ് മദ്യ ലഹരിയിലായിരുന്നുവെന്നും മയക്കു മരുന്ന് ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. നിയന്ത്രണം വിട്ട വാന്‍ ബസില്‍ വന്നിടിച്ചാണ് അപകടം ഉണ്ടായത്. 

 

പ്രതിക്ക് 55 വര്‍ഷത്തെ തടവുശിക്ഷയാണ്  സംഭവം നടന്നിട്ട് ഒന്നര വര്‍ഷത്തിനു ശേഷമുണ്ടായ വിധിയില്‍ കോടതി നല്‍കിയിരിക്കുന്നത്. മയക്കുമരുന്ന് കുറിച്ചു കൊടുത്ത ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ വന്ന പാകപിഴയാണ്  മരുന്ന് അമിതമായി ഉപയോഗിക്കാന്‍ കാരണമായതെന്നും  അതിനാല്‍ ശിക്ഷ കുറച്ചുകൊടുക്കണെമെന്ന് പ്രതിയുെട വക്കീല്‍ വാദിച്ചെങ്കിലും കോടതി ചെവിക്കൊണ്ടില്ല. 270 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും, പതിമൂന്ന് മനുഷ്യ ജീവനുകളാണ് നഷ്ടമായതെന്നും കോടതി നിരീക്ഷിച്ചു.