പന്തളത്ത് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് വെട്ടേറ്റ കേസില്‍ ഒന്‍പതുപേരെ കസ്റ്റഡിയിലെടുത്തു. പിടിയിലായവര്‍ക്കെല്ലാം എസ്.ഡി.പി.ഐ ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തില്‍ ഇവര്‍ക്കുള്ള പങ്ക് പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്‍ സെക്രട്ടറി ജയപ്രസാദ്, എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു. കെ.രമേശ് എന്നിവര്‍ക്കാണ് കഴിഞ്ഞദിവസം വെട്ടേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ  ആണെന്നായിരുന്നു സി.പി.എം ആരോപണം. തുടര്‍ന്ന്  പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തില്‍ പങ്കാളികളായ ഒന്‍പതുപേര്‍ പിടിയിലായത്. മുന്‍പും പന്തളത്ത് എസ്.ഡി.പി.ഐ ആക്രമണം നടന്നിട്ടുണ്ട്.

എസ്.ഡി.പി.ഐ ആക്രമണം നിരന്തരം നടന്ന സാഹചര്യത്തില്‍ മുന്‍ ആക്രമണങ്ങളെക്കുറിച്ച് എന്‍.ഐ.എയും അന്വേഷണം നടത്തി. എസ്.ഡി.പി.ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പന്തളം നഗരത്തില്‍ സി.പി.എം ഹര്‍ത്താല്‍ നടത്തിയിരുന്നു.