പാലാ കാർമലീത്ത  മഠാംഗമായിരുന്ന  സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ച് കൊന്ന കേസില്‍  പ്രതി സതീഷ് ബാബു കുറ്റക്കാരനാണെന്ന് പാലാ അഡീഷണൽ സെഷൻസ് കോടതി. പ്രതിക്കെതിരെ  കൊലപാതകം, ഭവനഭേദനം, പീഡനം എന്നീ കുറ്റങ്ങള്‍ തെളിയിക്കാനായെന്ന് കോടതി വ്യക്തമാക്കി.  പ്രതിക്ക് നാളെ ശിക്ഷ വിധിച്ചേക്കും.  

 

2015 സെപ്റ്റംബർ 17 ന് പുലർച്ചെയാണ് കോൺവെന്റിലെ മൂന്നാം നിലയിൽ സിസ്റ്റർ അമലയുടെ മൃതദേഹം കണ്ടെത്തിയത്. പാലാ DySPയുടെ നേതൃത്വത്തില്‍ 

നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് സ്വദേശിയായ സതീഷ് ബാബുവാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തിയത്. സംഭവം നടന്ന് അഞ്ചാംദിവസം ഹരിദ്വാറിൽനിന്ന് പ്രതിയെ പിടികൂടി. വിചാരണ തുടങ്ങിയശേഷം ഒരു വര്‍ഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് പ്രതി സതീഷ് ബാബു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 87 പ്രമാണങ്ങളും 20 തൊണ്ടിമുതലുകളും പരിശോധിച്ച കോടതി 65 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, ഭവനഭേദനം, പീഡനം എന്നീ കുറ്റങ്ങളാണ് തെളിയിക്കാനായത്. എന്നാല്‍ മോഷണം അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. 

 

 

ഇതിനിടെ കോടതിയില്‍ പ്രതി കുറ്റങ്ങളെല്ലാം നിഷേധിച്ചു. കൃത്രിമമായി തെളിവുകള്‍ ഉണ്ടാക്കിയതാണെന്നും തെറ്റായി ശിക്ഷവിധിച്ചാല്‍ ജയിലില്‍ നിരാഹാരം ഇരിക്കുമെന്നും സതീഷ് ബാബു പറഞ്ഞു. നാളെ ശിക്ഷയിൻമേലുള്ള വാദംകൂടി കേട്ടശേഷം കോടതി വിധി പറയും.