daughter-kept-deadbody-in-blanket

അമ്മയുടെ മൃതദേഹം മറവു ചെയ്യാതെ വീട്ടിൽ സൂക്ഷിച്ച മകൾ അറസ്റ്റിൽ. അമേരിക്കയിലാണ് സംഭവം. ജോ വിറ്റ്നി ഔട്ട്ലാന്റ് എന്ന 56 വയസ്സുകാരിയാണ് അമ്മ മരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും അവരുടെ മൃതദേഹം മറവു ചെയ്യാൻ ശ്രമിക്കാതെ വീട്ടിൽ സൂക്ഷിച്ചത്.

 

സംഭവത്തെക്കുറിച്ച്  ബ്രിസ്റ്റൾ പൊലീസ് പറയുന്നതിങ്ങനെ :

 

 

ഡിസംബറിലാണ് ജോയുടെ അമ്മ റോസ്മേരി മരിക്കുന്നത്. അമ്മയുടെ മരണ വിവരം ബന്ധുക്കളെയോ, പൊലീസിനെയോ അറിയിക്കാൻ ജോ കൂട്ടാക്കിയില്ല. മൃതദേഹം 54 ബ്ലാങ്കറ്റുകളിൽ പൊതിയുകയും ദുർഗന്ധം പുറത്തേക്കു വമിക്കാതിരിക്കാനായി 66 ഓളം എയർ ഫ്രഷ്നറുകൾ ഉപയോഗിക്കുകയും ചെയ്തു.

 

വീട്ടിൽ നിന്നും ലഭിച്ച ഒരു കത്തിൽ നിന്നാണ് മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പൊലീസിന് ലഭിച്ചത്. കത്തിൽ മകൾ എഴുതിയിരിക്കുന്നതിങ്ങനെ. 'സിപിആർ നൽകാനുള്ള എന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. ഡിസംബർ 29 ന് അമ്മ മരിച്ചു. അമ്മയുടെ മൃതശരീരം ബ്ലാങ്കറ്റുകൾക്കടിയിൽ സൂക്ഷിച്ചിരിക്കുകയാണ്'.

 

സംഭവത്തിൽ ദുരൂഹതയൊന്നുമില്ലെന്നും പക്ഷേ അമ്മയുടെ മരണം അവർ പൊലീസിനെയോ ബന്ധുക്കളെയോ അറിയിക്കാൻ കൂട്ടാക്കാത്തതിനു പിന്നിലെ കാരണത്തെക്കുറിച്ചാണ് തങ്ങളിപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.

 

 

അമ്മയുടെ മരണവിവരം പുറത്തറിഞ്ഞാൽ പൊലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ജോ ഭയന്നിരുന്നതായും. അതുകൊണ്ടാണ് ഈ 44 ദിവസവും അമ്മയെ സന്ദർശിക്കാനെത്തിയ ബന്ധുക്കൾ വീടിനുള്ളിൽ കയറാതിരിക്കാനായി അവർ വീടിന്റെ വാതിൽ അകത്തു നിന്നു പൂട്ടിയതെന്നും പൊലീസ് പറയുന്നു. ഒടുവിൽ സംശയം തോന്നിയ ഒരു ബന്ധു വീടിന്റെ ജനാല തകർത്ത് അകത്തു കയറിയപ്പോഴാണ് റോസ്മേരിയുടെ മൃതദേഹം കണ്ടെത്തിയതെന്നും അവർ വിശദീകരിക്കുന്നു.

 

മൃതശരീരം ജീർണ്ണിച്ച നിലയിലാണെന്നും നിലവിൽ കസ്റ്റഡിയിലെടുത്തിരിക്കുന്ന ജോയെ ഫെബ്രുവരി 28 ന് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറയുന്നു.