anwar-sha-arrest
ആലുവ: വിതുര പെൺവാണിഭ കേസിൽ ജാമ്യത്തിലിറങ്ങി 5 വർഷം ഒളിവിലായിരുന്ന ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ സ്വദേശി സുരേഷ് എന്ന ഷാജഹാനെ ക്രൈംബ്രാഞ്ച് പൊലീസ് ഹൈദരാബാദിൽ നിന്നു പിടികൂടി. കോട്ടയം അഡീഷനൽ ‍ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (സ്പെഷൽ) ഇയാളെ 21 കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ജാമ്യക്കാർക്കെതിരെ കേസെടുക്കുകയും ചെയ്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടങ്കലിലാക്കി പണം വാങ്ങി ലൈംഗിക ചൂഷണം നടത്തിയതിന് 1996ൽ റജിസ്റ്റർ ചെയ്ത കേസിൽ 18 വർഷത്തിനു ശേഷമാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്.  വിചാരണ നടക്കുന്നതിനിടെ ഹൈക്കോടതിയിൽ നിന്ന് ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ടു ഹർജി നൽകിയ ശേഷം പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോയി. പ്രതിയെ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. തുടർന്നു കോടതിയിൽ ഹാജരാക്കാൻ കോട്ടയത്തേക്കു കൊണ്ടുപോയി

വിനയായത് വിമാനയാത്ര


ഫോണുകൾ മാറിമാറി ഉപയോഗിക്കുന്നതിനാൽ പ്രതിയെ കണ്ടെത്താൻ കഴിയാതെ വിഷമിക്കുമ്പോഴാണ് മുംബൈ–ഹൈദരാബാദ് റൂട്ടിൽ ഇയാൾ പതിവായി വിമാനയാത്ര നടത്തുന്നുണ്ടെന്ന വിവരം ക്രൈംബ്രാഞ്ച് പൊലീസിനു ലഭിച്ചത്. തുടർന്നു പൊലീസ് സംഘം ഹൈദരാബാദിലെത്തി ഒരാഴ്ച താമസിച്ചു. പെൺവാണിഭ സംഘങ്ങളുമായി ബന്ധമുള്ളവരെ  ചോദ്യം ചെയ്തപ്പോൾ പ്രതി ഷംഷാബാദ് എന്ന സ്ഥലത്തുണ്ടെന്നു മനസ്സിലായി.

പൊലീസ് താമസസ്ഥലം വളഞ്ഞു കാത്തുനിൽക്കുന്നതിനിടെ വില കൂടിയ ആഡംബരകാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ  പിന്തുടർന്നു പിടികൂടി. മുംബൈയിലെ മൊബൈൽ ഫോൺ സേവനദാതാക്കളുടെയും ഫ്ലൈറ്റ് ഓപ്പറേറ്റർമാരുടെയും സഹായം പൊലീസിനു ലഭിച്ചു. എസ്പി വി.എം. മുഹമ്മദ് റഫീഖ് നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, സിഐമാരായ ബൈജു പൗലോസ്,രാജേഷ്കുമാർ,രമേഷ്കുമാർ, എസ്ഐ ബിനുലാൽ, എഎസ്ഐമാരായ ജഗിഷ്, ഷിബു ചെറിയാൻ, കെ.എസ്. രാജീവ്, സൈബർ സെൽ സീനിയർ സിപിഒ സജി ജോൺ എന്നിവർ പങ്കെടുത്തു.

പെൺവാണിഭ സംഘത്തിലെ ‘അൻവർ ഷാ’

ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. അവിടെയും ഇടപാട് പെൺവാണിഭം തന്നെയായിരുന്നു. ഉയർന്ന ബിസിനസുകാർക്കും രാഷ്ട്രീയക്കാർക്കും പെൺകുട്ടികളെ എത്തിച്ചു കൊടുക്കുന്ന ഹൈദരാബാദിലെ പഞ്ചനക്ഷത്ര പെൺവാണിഭ സംഘത്തിലെ പ്രധാനിയാണ് സുരേഷ് എന്ന് അറസ്റ്റിനു നേതൃത്വം നൽകിയ സിഐ ബൈജു പൗലോസ് പറഞ്ഞു

അൻവർ ഷാ എന്ന പേരിലാണ് അവിടെ അറിയപ്പെടുന്നത്. ലക്ഷങ്ങളാണ് പ്രതിമാസ വരുമാനം. മുംബൈ, മൈസൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ സ്വന്തം ഫ്ലാറ്റുകളുണ്ടെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലാണു താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. അബിഡ്സ് എന്ന സ്ഥലത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്